കൊല്ലത്ത് വൃദ്ധനായ കോവിഡ് രോഗി പരിശോധനാ ഫലം വാങ്ങാൻ നേരിട്ടെത്തി ; റോഡിലൂടെ നടന്ന് പോയ രോഗിയെ ആശുപത്രിയിലെത്തിച്ചത് പൊലീസ് : രോഗിയെ ഇറക്കിവിട്ട സ്വകാര്യ ലാബിനെതിരെ നടപടിയ്‌ക്കൊരുങ്ങി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

കൊല്ലം: ചിന്നക്കടയിൽ കോവിഡ് രോഗി പരിശോധനാഫലം വാങ്ങാൻ നേരിട്ടെത്തി. കോവിഡ് പോസിറ്റീവായ പരിശോധനാഫലവുമായി റോഡിലൂടെ നടന്ന വൃദ്ധനെ ആശുപത്രിയിലെത്തിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണ്.

പരിശോധനാഫലം വാങ്ങാനെത്തിയ വൃദ്ധനെ കോവിഡ് പോസിറ്റീവായിട്ടും ഇറക്കിവിട്ട സ്വകാര്യ ലാബിനെതിരെ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിയായ 61കാരനാണ് നടന്ന് ചിന്നക്കടയിലെത്തിയത്.രാവിലെ പതിനൊന്നരയോട് കൂടിയാണ് ഇയാൾ ചിന്നക്കടയിലൂടെ നടന്ന് വന്നത്. കൊല്ലത്തെ സർക്കാർ അധീനതയിലുളള ഒരു പാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികെയായിരുന്നു ഇയാൾ.

ഇയാൾ താമസിക്കുന്നതും പാർക്കിലെ സെക്യൂരിറ്റിയുടെ വിശ്രമമുറിയിലാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇയാൾക്ക് ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചിന്നക്കടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ലാബിൽ നിന്നും പോസിറ്റീവാണെന്ന് ഇയാളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ പാർക്കിൽ നിന്നും നേരിട്ട് എത്തിയാണ് പരിശോധനാഫലം വാങ്ങിയത്.

എന്നാൽ ലാബ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ, രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗ്ഗങ്ങളോ സ്വീകരിക്കാതെ ഇയാളെ റിസൾട്ടും നൽകി പറഞ്ഞ് വിടുകയായിരുന്നുവെന്നും ആരോപണമുണ്ട്.

പരിശോധന നടത്തിയാൽ ക്വറന്റീനിൽ തുടരണമെന്നത് രോഗിയും പാലിച്ചില്ല. ചിന്നക്കടയിലൂടെ നടന്ന പോയ ഇയാൾക്ക് പോസ്റ്റിവാണെന്ന് വാഹനപരിശോധന നടത്തികൊണ്ടിരുന്ന പൊലീസുകാരോട് ഒരു ഓട്ടോറിക്ഷക്കാരൻ പറയുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് ഇയാളെ തടയുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന ലാബ് ഫലം പരിശോധിക്കുകയുമായിരുന്നു.

കോവിഡ് പോസിറ്റീവാണെന്ന് മാനസിലാക്കിയ പൊലീസ് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും സാനിറ്റൈസറും മാസ്‌കും ഗ്‌ളൗസും പൊലീസ് ഇയാൾക്ക് നൽകുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ എത്തി ചിന്നക്കടയിൽ അണു നശീകരണം നടത്തുകയും ചെയ്തു.

Top