തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം തെരുവിലേക്കും. മുഖ്യമന്ത്രിയുടെ നടപടികള്‍ക്കെതിരെ പാരാതിനല്‍കിയതിന്റെ കോപ്പി പരസ്യപ്പെടുത്തി സുധീരന്‍ രംഗത്തെത്തിയതോടെ സര്‍ക്കാരും പാര്‍ട്ടി അധ്യക്ഷനും രണ്ടുതട്ടിലായി.
കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്‍കിയ അനുമതിയും, വിവരാവകാശ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ഉത്തരവും റദ്ദാക്കണമെന്നാവശ്യപെട്ട് സുധീരന്‍ ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ച കത്തുകള്‍ സുധീരന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ് പ്‌ളാന്റേഷന്‍ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രസ്തുത ഭൂമി മിച്ചഭൂമിയാണെന്ന താലൂക്ക് ലാന്റ്‌ബോര്‍ഡിന്റെ ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് റവന്യു മന്ത്രി അടൂര്‍ പ്രകാശിനും, മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സുധീരന്‍ കത്തയച്ചത്. പ്രസ്തുത ഉത്തരവ് ഹോപ്പ് പ്‌ളാന്റേഷനെ സഹായിക്കാന്‍ മാത്രമാണെന്ന് കത്തില്‍ സുധീരന്‍ വ്യക്തമായി പറയുന്നുണ്ട്. മാര്‍ച്ച് 19ന് അയച്ച രണ്ട് കത്തുകളും എന്നാല്‍ ഉമ്മന്‍ചാണ്ടി നിരാകരിക്കുകയായിരുന്നു. രണ്ട് വിഷയത്തിലും സര്‍ക്കാര്‍ നിലപാടിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സുധീരന്‍ കരം അടയ്ക്കാന്‍ അനുതി നല്‍കിയത് നാലായിരത്തിലധികം കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ സുധീരന്റെ വാദഗതികള്‍ തള്ളിയ മന്ത്രിസഭ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യായില്ല. സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് റവന്യമന്ത്രി അടൂര്‍ പ്രകാശ് പരസ്യമായി പറയുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ചിക്കാനും ഇടയായി. ഇതിനെതിരെ സുധീരപക്ഷക്കാരനായ ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ അല്‍പ്പം അയഞ്ഞ സുധീരന്‍ തിങ്കളാഴ്ച എ, ഐ ഗ്രൂപ്പുകള്‍ തനിക്കെതിരെ സംയുക്തയോഗം ചേര്‍ന്നതോടെയാണ് മന്ത്രിമാര്‍ക്ക് അയച്ച കത്തുകള്‍ ഫേസ്ബുക്കിലിട്ടത്.


