കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അമ്മയോടും കൈക്കുഞ്ഞിനോടും മോശമായി പെരുമാറി, ചോദ്യം ചെയ്ത ഭര്‍ത്താവിന് ഭീഷണിയും..മിസ്റ്റര്‍ തച്ചങ്കരി താങ്കള്‍ ഇതൊന്നും കാണുന്നില്ലേ?

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നവരോട് ചോദിച്ചാല്‍ ഉത്തരം ആദ്യം പറഞ്ഞതാകും. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് അനുദിനം കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ യാത്രക്കാരെ പരമാവധി വെറുപ്പിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി കാണുന്നത്. കണ്ടക്ടര്‍മാരുടെ ധാര്‍ഷ്ട്യത്തിന്റെ അവസാന ഉദാഹരണമാണ് ഞായറാഴ്ച കുമളി- കോട്ടയം റൂട്ടിലുള്ള ബസില്‍ അരങ്ങേറിയത്.

ഭാര്യയ്ക്കും എട്ടുമാസം പ്രായമുള്ള കുട്ടിയുമായി കോട്ടയത്തിന് യാത്ര ചെയ്ത യുവാവിന് നേരിടേണ്ടി വന്നത് ക്വട്ടേഷന്‍ സംഘങ്ങളെ പോലും നാണിപ്പിക്കുന്ന അതിക്രമമാണ്. തനിക്ക് ബസില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെപ്പറ്റി എ.പി. അരുണ്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ലോകമറിയുന്നത്. കണ്ടക്ടറുടെ അതിക്രമം വാര്‍ത്തയായതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് അരുണ്‍ പറയുന്നതിങ്ങനെ- ജീവനക്കാര്‍ നന്നാവാതെ കെഎസ്ആര്‍ടിസി നന്നാവില്ല..NB;നല്ല ജീവനക്കാരെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്.

ഉച്ചക്ക് രണ്ടുമണിക്ക് ഭാര്യയും എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി കുമളിയില്‍ നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി. തിരുവനന്തപുരത്തേക്കുള്ള ബസ് ആണ്. ഞങ്ങള്‍ക്കിറങ്ങേണ്ടത് കോട്ടയത്ത്. കൊടുങ്ങൂര്‍ നിന്ന് ബസില്‍ കയറുമ്പോള്‍ ബസില്‍ ഏകദേശം എല്ലാ സീറ്റും ഫുള്‍ ആണ്.ഏറ്റവും മുന്‍വശത്തെ രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരു സ്ത്രീ മാത്രം.. ഭാര്യയേം കുഞ്ഞിനേം അവിടെ ഇരുത്തി

രണ്ടു സീറ്റ് പിന്നില്‍ ഞാനും ഇരുന്നു.. ടിക്കറ്റ് നല്‍കിയ ശേഷം,ഭാര്യയേം കുഞ്ഞിനേം എന്റെ സീറ്റിലേക്ക് ഇരുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു..എന്നോട് എഴുന്നേറ്റു നില്‍ക്കാനും.. അദ്ദേഹം എന്റേത് എന്ന് അവകാശപ്പെട്ട സീറ്റില്‍ കണ്ടക്ടര്‍ എന്ന് റിസേര്‍വ് ചെയ്തിട്ടില്ല..ണ1,ണ2 എന്ന് മാത്രമാണ് എഴുതിയിരുന്നത്..എന്നിട്ടും ഞാന്‍ ഇരുന്ന സീറ്റില്‍ നിന്നെഴന്നേറ്റ് അദ്ദേഹത്തോട് തല്ക്കാലം അവിടെയിരുന്നുകൂടെ എന്ന് ചോദിച്ചു….സാധിക്കില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ബസ് ഓടുമ്പോള്‍ തന്നെ ഭാര്യയും കുഞ്ഞും മാറി ഇരിക്കണം എന്ന് ആവശ്യപ്പെട്ട് മുന്നിലേക്ക് വരികയും ചെയ്തു ….(അയാളുടെ ഒച്ചയും വരവും കണ്ടാല്‍ ഇപ്പോ തല്ലും എന്നോര്‍ക്കും …സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ഇതിന് സാക്ഷികള്‍ ആണ്.)

സ്റ്റോപ്പില്ലാത്ത സ്ഥലത്തു വണ്ടി നിര്‍ത്തിച്ച് ഭാര്യയെയുംകുഞ്ഞിനെയും എതിര്‍വശത്ത് ഇരുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ ഞാന്‍ എതിര്‍ത്തു.. ഒടുവില്‍ അയാള്‍ വണ്ടി അവിടെ നിര്‍ത്തിയിടിച്ചു…അപ്പോഴാണ് ‘നട്ടെല്ലിനടക്കം എല്ലാത്തിനും ഉറപ്പുള്ള പ്രതികരണ ‘ശേഷി’ ഉള്ള ചില ആണ്‍ ചിങ്കങ്ങള്‍ ഉണര്‍ന്നത്, ഇത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പുരുഷകേസരികളില്‍ രണ്ടുപേര്‍ വണ്ടി നിര്‍ത്തി തന്നില്ലേ മാറ്റി ഇരുത്തിക്കൂടേ എന്ന് … എതിര്‍വശത്തെ അമ്മയും കുഞ്ഞും സീറ്റില്‍ അപ്പോള്‍ തന്നെ കുഞ്ഞുങ്ങളുമായി രണ്ടു സ്ത്രീകളും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു…ഒടുവില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഓര്‍ത്ത്…ആ സീറ്റിലേക്ക് ഞാന്‍ ഭാര്യയേം കുഞ്ഞിനേം മാറ്റിയിരുത്തി…നാലുപേരും കുഞ്ഞുങ്ങളും തിങ്ങി ഞെരുങ്ങി ആ സീറ്റില്‍ ബാക്കിയുള്ള 23കിലോമീറ്റര്‍..കോട്ടയം വരെ…

ഇറങ്ങാന്‍ നേരം പുറകിലെ കണ്ടക്ടര്‍ എന്ന് റിസേര്‍വ് ചെയ്തിട്ടുള്ള സീറ്റിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച എന്റെ കൈയില്‍ പിടിച്ച് തള്ളിയ ഈ മഹാന്‍ ഏതോ യൂണിയനിലെ കൊണാണ്ടര്‍ ആണത്രേ …അവനെ തെറിവിളിക്കാന്‍ തോന്നിയില്ല…അതല്ലല്ലോ വഴി…ഇനി നിങ്ങള്‍ പറ ഇവനെപ്പോലുള്ള ജീവനക്കാര്‍ തുടര്‍ന്നാല്‍ ഈ കെഎസ്ആര്‍ടിസി രക്ഷപെടും എന്നാണോ??? വല്യപാടാണ് തച്ചങ്കരി സാറേ…ബസിലെ ഞായറാഴ്ചകളിലെ മറ്റ് സ്ഥിരം യാത്രക്കാര്‍ ഇവനെക്കുറിച്ച് പറഞ്ഞ അഭിപ്രായം കുറിക്കാന്‍ വേറെ പോസ്റ്റ് ഇടണം..

Top