‘ഇടതുഭരണത്തില്‍ ജോലി കിട്ടിയത് മന്ത്രിമാരുടെ ബന്ധുകള്‍ക്ക് മാത്രം‘ഗവ. പ്ലീഡര്‍ നിയമനത്തിനും ബന്ധുക്കള്‍ക്ക് മുന്‍ഗണന

നടവയല്‍: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ജോലി ലഭിച്ചത് മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കള്‍ വിഢികളാക്ക പ്പെട്ടു. ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും മാത്രമാണ് എല്ലാം ശരിയാക്കി കിട്ടിയത്.ഇടതുപക്ഷവും ബിജെപിയും കൂടി കേരളത്തില്‍ ജാതീയമായ വേര്‍തിരിവിന് ശ്രമിക്കുകയാണ്. ഇത് വോട്ടു നേടാനുള്ള ഇരുകൂട്ടരുടെയും ശ്രമമാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. പരിസ്‌ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചന തെളിഞ്ഞിരിക്കുന്നു. യുഡിഎഫ് നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ജനകീയ സദസുകള്‍ ഈ മാസം 15, 16 തിയതികളില്‍ തുടങ്ങും. കോണ്‍ഗ്രസ് നടവയല്‍ ടൗണ്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബന്ധുനിയമന വിവാദം എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്‍റെ സഹോദരന്റെ മകളുടെ ഭര്‍ത്താവും ,ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സര്‍ക്കാര്‍ അഭിഭാഷക പട്ടികയിലുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡറായി.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചിട്ടുണ്ട്.

Top