ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഈ ദ്വീപ്. വിനോദ സഞ്ചാരം മുഖ്യ വരുമാനമാര്‍ഗ്ഗമാക്കിയവര്‍ക്ക് ഒരു മത്സ്യമാണ് പാരയാകുന്നത്. ലയണ്‍ഫിഷ് എന്ന വിഷം പുരണ്ട മീനാണ് സൈപ്രസ് ദ്വീപ് ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി. ഇവയുടെ വിഷം വമിക്കുന്ന ചിറകുകളില്‍ തട്ടാതെ കടലില്‍ ഇറങ്ങാനോ ബോട്ടോടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ദ്വീപുകാര്‍.

ഇതേത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ലയണ്‍ഫിഷുകളെ ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ സൈപ്രസിന്റെ സാമ്പത്തിക മേഖലയെത്തന്നെ ലയണ്‍ഫിഷുകള്‍ പിടിച്ചുലയ്ക്കുകയാണ്. മുമ്പ് ഇവയുടെ വര്‍ണച്ചിറകുകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സഞ്ചാരികള്‍ കാത്തിരുന്നെങ്കില്‍ വെറും അഞ്ചുവര്‍ഷത്തിനിപ്പുറം വിനോദസഞ്ചാരികളെ സൈപ്രസില്‍ കാലുകുത്താന്‍ അനുവദിക്കാത്ത വിധം ഇവ പെരുകിയിരിക്കുകയാണ്.

ഒരു ലയണ്‍ഫിഷ് നാല് ദിവസത്തിലൊരിക്കല്‍ 30,000 ത്തോളം മുട്ടകള്‍ ഇടും. വിഷച്ചിറകുകളെ ഭയന്ന് ഇരപിടിയന്‍മാര്‍ അടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഭക്ഷണമാക്കാന്‍ അനുമതി നല്‍കിയതിലൂടെ ലയണ്‍ഫിഷ് രുചികള്‍ക്കും ആരാധകരേറിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ ഇവയുടെ വ്യാപനം എങ്ങനെയും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Top