തദ്ദേശതെരഞ്ഞെടുപ്പ് അവസാനഘട്ടം:ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഡിവിഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പല ജില്ലകളിലും കൊട്ടിക്കലാശം.നവംബര്‍ അഞ്ചിനു തെരഞ്ഞെടുപ്പു നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷമാക്കി.

എറണാകുളം ജില്ലയില്‍ ഏകീകൃത കൊട്ടിക്കലാശം വേണ്ടെന്ന് പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. അതത് ഡിവിഷനുകളിലാണ് കൊട്ടിക്കലാശം നടന്നത്. തുറന്ന വാഹനങ്ങളില്‍ സഞ്ചരിച്ച് വോട്ടര്‍മാരെ നേരില്‍ക്കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിച്ചു. മലപ്പുറം ജില്ലയിലും പ്രധാന പട്ടണങ്ങളില്‍ കൊട്ടികലാശം നടത്തേണ്ടതില്ലെന്ന് സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. തൃശ്ശൂരിലും വിവിധ പാര്‍ട്ടികള്‍ ഒന്നിച്ച് ജില്ലാ ആസ്ഥാനത്ത് കൊട്ടിക്കലാശം നടത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
5252
 കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കൊട്ടിക്കലാശത്തില്‍ നിന്ന്.

ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് യു.ഡി.എഫും എല്‍.ഡി.എഫും കൊട്ടിക്കലാശം നടത്തിയത്. തൃശ്ശൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രധാനമായും കൊട്ടിക്കലാശത്തിന് എത്തിയത്. അക്രമ സാധ്യത കണക്കിലെടുത്ത് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍ മേഖലകളില്‍ കൊട്ടിക്കലാശം നടത്തുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. രണ്ടാം ഘട്ടത്തില്‍ 19,328 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തു കളില്‍ 16, 681ഉം നഗരമേഖലയില്‍ 2,647ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. 1.4 കോടി വോട്ടര്‍ മാര്‍ വിധിയെഴുതും.

ജില്ലാ കേന്ദ്രങ്ങളിലും ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിലും ഇടതു-വലതു-ബിജെപി പ്രവര്‍ത്തകര്‍ അവസാന മണിക്കൂറില്‍ പ്രചാരണം കൊഴുപ്പിച്ചു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി ഉത്സവചായയിലാണ് പ്രചാരണം സമാപിച്ചത്. കഴിഞ്ഞ തവണത്തെ നേട്ടം നിലനിര്‍ത്താമെന്ന വിലയിരുത്തലില്‍ യു.ഡി.എഫും കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ മറികടക്കാമെന്ന കണക്കു കൂട്ടലില്‍ എല്‍ഡിഎഫും മികച്ച നേട്ടം ഇത്തവണ കൈപ്പിടിയിലാക്കാമെന്ന് ബിജെപിയും വിശ്വസത്തിലാണ്.

ഇനി നിശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്ച ഏഴ് ജില്ലകളിലെയും വോട്ടമാര്‍ പോളിംഗ് ബൂത്തിലെത്തും.ക്രമസമാധാനം ഉറപ്പാക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍നിന്ന് വോട്ടെടുപ്പു നടക്കുന്ന മറ്റു ജില്ലകളിലേക്കു പോലീസ് സേന എത്തിച്ചേരും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഏഴിനാണു വോട്ടെണ്ണല്‍.

 

Top