കഴിഞ്ഞ ദിവസം ജനങ്ങളെ ഞെട്ടിപ്പിക്കുന്ന മരണ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു കാമുകി-കാമുകന്റെ സ്‌കൈപ്പ് വീഡിയോയായിരുന്നു അത്. കാമുകിയോട് സംസാരിച്ചുക്കൊണ്ടിരിക്കെ ബൈ പറഞ്ഞ് ആത്മഹത്യ ചെയ്യുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ സംഭവം ശരിക്കുള്ളതായിരുന്നോ?
വീഡിയോ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. നരേഷ് എന്ന യുവാവും നിത്യാ ചക്രവര്‍ത്തി എന്ന യുവതിയുമാണ് സ്‌കൈപിലൂടെ വീഡിയോ കോള്‍ ചെയ്യുന്നത്. പ്രണയബന്ധം അവസാനിപ്പിക്കുന്നതിന്റെ പേരില്‍ വഴക്കിടുന്ന കാമുകി. അരിശം പൂണ്ട കാമുകിയും കാലുപിടിക്കുന്നതു പോലെ പറയുന്ന കാമുകനും. സംസാരം ക്ഷോഭത്തിനൊടുവില്‍ പറഞ്ഞവസാനിപ്പിക്കുന്നു. വീണ്ടും വിളിക്കുമ്പോള്‍ പരസ്പരം സോറി പറഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഇരുവരും. കാമുകിക്കു പിറന്നാള്‍ ആശംസ നേര്‍ന്നു കാമുകന്‍ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നു. പിന്നെ കാണുന്നത് പിറന്നാളാശംസ നേര്‍ന്ന ശേഷം കാമുകിക്ക് താന്‍ പിറന്നാള്‍ സമ്മാനം നല്‍കുകയാണെന്നു പറഞ്ഞു മുറിയിലെ ജനലിലൂടെ പുറത്തേക്കു ചാടുന്നതാണ്. പരിഭ്രാന്തയായ പെണ്‍കുട്ടി പിതാവിനെ വിളിച്ചു നരേഷ് പുറത്തേക്കു ചാടിയെന്നു പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
എന്നാല്‍ ഇങ്ങനെയൊരു സംഭവം സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതൊരു ആത്മഹത്യാ വീഡിയോ അല്ലെന്നും റിലീസിനൊരുങ്ങുന്ന വിഷ് യു ഹാപ്പി ബ്രേക്അപ്പ് എന്ന തെലുങ്കു ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോ ആണെന്നും ചിലര്‍ പറയുന്നു. വീഡിയോയുടെ കീഴില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രെഡിറ്റോ മറ്റു വിവരങ്ങളോ നല്‍കാതെ വീഡിയോ മാത്രം പുറത്തുവിട്ടു കൊണ്ടുള്ള പ്രൊമോഷന്‍ തന്ത്രമാണ് അണിയറപ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 29ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ എട്ടു ലക്ഷം പേരാണു ഇതുവരെ കണ്ടത്.