കാമുകന്‍ ഫോണെടുത്തില്ല; യുവതി പീഡനത്തിന് കേസുകൊടുത്തു; ശേഷം സംഭവിച്ചത്

പൂനെ: ശല്യം കാരണം ഫോണെടുക്കാത്ത കാമുകനെതിരെ യുവതിയുടെ പീഡനകേസ്. വട്ടം കറങ്ങിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്ന് വ്യക്തമായി. ഒടുവില്‍ കേസെടുക്കാതെ ഇരുവരെയും താക്കീതു ചെയ്തു വിട്ടയച്ചു. ലത്തൂരുകാരായ കാമുകീകാമുകന്മാരാണ് പൊലീസിനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ചത്.

ഏറെനാളായി ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. അടുത്തിടെ കാമുകന്‍ ജോലിയന്വേഷിച്ച് പൂനെയിലേക്ക് വന്നു. ഇതോടെ കാമുകന്‍ കൈവിട്ടുപോകുമോ എന്ന പേടിയിലായി യുവതി. കാമുകനെ ഫോണില്‍ വിളിച്ച് താമസ സ്ഥലം അന്വേഷിച്ചശേഷം രഹസ്യമായി പൂനെയില്‍ എത്തി. ഏറെ അന്വേഷിച്ചെങ്കിലും കാമുകനെ കണ്ടെത്താനായില്ല. ഫോണ്‍ ചെയ്തിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ കാമുകന്‍ ഉപേക്ഷിച്ചുവെന്നു തന്നെ യുവതി ഉറപ്പിച്ചു. അയാളെ ഒരു പാഠം പഠിപ്പിക്കാനുറച്ച് കാമുകനെതിരെ പീഡന പരാതി കൊടുത്തു. എല്ലാത്തിനും കൂട്ടുനിന്നെന്ന വിശ്വാസത്തില്‍ കാമുകന്റെ സഹോദരന്റെയും കൂട്ടുകാരുടെ പേരുകളും പരാതിയില്‍ ഉള്‍പ്പെടുത്തി. എല്ലാവരും ചേര്‍ന്ന് തന്നെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കാമുകനെ പൊക്കിയതോടെയാണ് പൊലീസ് ശരിക്കും ഞെട്ടിയത്. പരാതിക്കാരിയുമായി പ്രണയത്തിലാണെന്നും നിരന്തരം ഫോണ്‍ വിളിക്കുന്നതിനാലാണ് ഫോണ്‍ എടുക്കാത്തതെന്നും കാമുകി പൂനെയില്‍ എത്തിയ കാര്യം അറിയില്ലെന്നും യുവാവ് പറഞ്ഞു. കാര്യങ്ങളുടെ പോക്ക് മനസിലാക്കിയ പൊലീസ് യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ എല്ലാം തുറന്നു പറഞ്ഞു.വ്യാജ പരാതി നല്‍കിയതിന് യുവതിക്കെതിരെ നിയമ നടപടി കൈക്കള്ളാമെങ്കിലും മനുഷ്യത്വത്തിന്റെ മുഖം നല്‍കി ശിക്ഷാ നടപടി ശക്തമായ താക്കീതിലൊതുക്കി.

Top