മഹാരാഷ്ട്രയില്‍ മദ്യം ഇനി വീട്ടിലെത്തും

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നത് ആലോചനയില്‍. മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാനാണ് ആലോചന. ഇക്കഴിഞ്ഞ ഞായറാഴ്ച യാണ് മഹാരാഷ്ട്ര മന്ത്രിസഭാംഗം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെ ഇത്തരത്തിലൊരു നിര്‍ദ്ദേശം മാത്രമേ വന്നിട്ടുള്ളൂയെന്ന് തിരുത്തുകയും ചെയ്തു.

മദ്യപിച്ച് വാഹനമോടിക്കുന്നതും അതുവഴി അപകടങ്ങള്‍ വര്‍ധിക്കുന്നതും മഹാരാഷ്ട്രയില്‍ പതിവായിട്ടുണ്ട്. ഇത് ഒരു പരിധി വരെ തടയാന്‍ മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് വഴഇ കഴിയുമെന്ന് മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാങ്കുലെ പറഞ്ഞു. എന്നാല്‍ പിന്നീട് പ്രതിപക്ഷത്തിന്റെയും മദ്യ വിരുദ്ധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് അത്തരത്തിലൊരു നിര്‍ദ്ദേശം മാത്രമാണ് വന്നത് എന്ന് മന്ത്രി തിരുത്തി പറഞ്ഞു.

ഈയടുത്ത കാലത്താണ് 35 മദ്യ ഷോപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ എടുത്തത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഓണ്‍ലൈനായി മദ്യം വില്‍ക്കുന്നതിലൂടെ വരുമാനത്തിലുള്ള വര്‍ധനവും ലക്ഷ്യം വെക്കുന്നതായി മന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഹൈവേയുടെ വശങ്ങളിലുള്ള ബിവറേജസ് അടച്ചുപൂട്ടിയത് സര്‍ക്കാരിന് നഷ്ടങ്ങള്‍ വരുത്തിയിരുന്നു. 30,000 ഷോപ്പുകളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടിയത്. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നത്.

Top