പുലിയെ പിടിക്കാന്‍ തോക്കുമെടുത്ത് കാട്ടിലേക്കിറങ്ങിയ ബിജെപി മന്ത്രി വിവാദത്തില്‍

പുള്ളിപുലിയെ പിടിക്കാന്‍ തോക്കുമെടുത്ത് കാട്ടിലേക്കിറങ്ങിയ ബിജെപി മന്ത്രി വിവാദത്തില്‍. മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് ദത്താത്രെയ മഹാജനാണ് അനധികൃതമായി തോക്ക് കൈവശം വെച്ചതിനും വന്യജീവിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നും വിവാദത്തിലകപ്പെട്ടിരിക്കുന്നത്.ഉത്തര മഹാരാഷ്ട്രയിലെ ജലഗൗണ്‍ ജില്ലയിലെ ചലീസ്ഗൗണ്‍ പ്രദേശത്താണ് കാട്ടിനുള്ളില്‍ പുള്ളിപുലിയെ പിടികൂടാന്‍ പോയതിനെ തുടര്‍ന്ന് മന്ത്രി വിവാദത്തിലായത് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിനുള്ളിലുള്ള പ്രദേശത്താണ് സംഭവം നടക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ജനവാസ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ പുള്ളിപുലി മുന്ന് പ്രദേശ വാസികളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.പരിഭ്രാന്തരായ ജനക്കൂട്ടം വനംവകുപ്പിന് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് സ്ഥലം എംഎല്‍എയായ മന്ത്രി തന്നെ നേരിട്ട് തോക്കുമായി പുള്ളിപുലിയെ പിടിക്കാന്‍ ഇറങ്ങിയത്.വനം വകുപ്പ് അധികൃതരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുലിയെ കണ്ടെത്താനായില്ല എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും പ്രതിഷേധവുമായി രംഗത്തെത്തി. നിയമ ലംഘനം നടത്തിയ ഗിരീഷ് മഹാജനെ മന്ത്രിസഭയില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.നേരത്തേയും നിരവധി വിവാദങ്ങളില്‍ ഗിരീഷ് മഹാജന്‍ അകപ്പെട്ടിട്ടുണ്ട്. മദ്യ കുപ്പികള്‍ക്ക് സ്ത്രീകളുടെ പേരുകള്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ വില്‍പ്പന നടക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലെ ഒരു ചടങ്ങില്‍ തോക്ക് കൈവശം വെച്ച് പങ്കെടുത്തതിനും മന്ത്രി നേരത്തെ വിവാദത്തില്‍പ്പെട്ടിരുന്നു.

Top