
തമിഴിനാട്: പ്രണയം വീട്ടില്‍ അറിയുകയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തതോടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങിയ കാമുകിയെ കാമുകന്‍ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തില്‍ യുവതിയുടെ ബന്ധുകൂടിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന കുമാറിന്റെ മകളായ സ്വകാര്യ സ്‌കൂള്‍ അധ്യാപിക വസന്തപ്രിയ(25) ആണ് കൊലചെയ്യപ്പെട്ടത്. കടലൂര്‍ സ്വദേശിയായ കാമുകന്‍ നന്ദകുമാറാണ് വസന്തപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഇരുവരും തമ്മിലുള്ള ബന്ധം വസന്തപ്രിയയുടെ വീട്ടില്‍ അറിയുകയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തു. വീട്ടുകാര്‍ വേറെ കല്യാണം ഉരപ്പിക്കുകയും വസന്തപ്രിയ അതിന് സമ്മതിക്കുകയുമായിരുന്നു. ഇത് നന്ദകുമാറിനെ പ്രകോപിതനാക്കി. ഇതിനെത്തുടര്‍ന്ന് സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് അവര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ നന്ദകുമാര്‍ എത്തി. തുടര്‍ന്ന് വസന്തപ്രിയയെ വിളിച്ച് തനിക്ക് സംസാരിക്കണമെന്ന് അറിയിച്ചു. സംസാരിക്കാനായി വസന്തപ്രിയയെ പ്രതി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കുപിതനായ നന്ദകുമാര്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വസന്തപ്രിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.