ജനല്‍കമ്പി വളച്ച് കള്ളന്‍ മാലയെടുത്തു; സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മാല തിരിച്ച് വാങ്ങി വീട്ടമ്മ..ഇത് സിനിമാക്കഥയല്ല

പത്തനംതിട്ട: ജനല്‍ക്കമ്പി വളച്ച് സ്വര്‍ണമാല മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മാല തിരിച്ചുവാങ്ങിയ വീട്ടമ്മ. ഇത് സിനിമാക്കഥയല്ല. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന സംഭവമാണ്. മാല തിരിച്ചെടുക്കുകയും കള്ളനെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്ത വടശേരിക്കര മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണു ഇന്ന് താരം. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണ് (35) പിടിയിലായത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മാല മോഷണം പോയത്. ഇത് തിരിച്ചറിഞ്ഞ ഷോജി കള്ളനെ പിന്തുടര്‍ന്നു. കിടപ്പുമുറിയിലെ ജനല്‍ കമ്പി വളച്ച് അകത്തുകടന്ന കള്ളന്‍ നാലര പവന്റെ മാലയാണ് കൈക്കലാക്കിയത്. ഇതിനിടെ ഉണര്‍ന്ന ഷോജി പുറത്ത് ആളു നില്‍ക്കുന്നതു കണ്ട് നോക്കിയപ്പോള്‍ മാല നഷ്ടപ്പെട്ടെന്നു മനസ്സിലായി. ഭര്‍ത്താവിനോടു പറഞ്ഞശേഷം സ്‌കൂട്ടറുമെടുത്ത് ഷോജി മോഷ്ടാവിനെ പിന്തുടര്‍ന്നു.

നാല് കിലോമീറ്റര്‍ അകലെ മാടമണ്‍ വള്ളക്കടവിനു സമീപത്തെ കട്ടിങ്ങിലെത്തിയപ്പോള്‍ ഷോജി ബാലേഷിന്റെ സ്‌കൂട്ടറില്‍ തൊഴിച്ചതോടെ ബാലേഷ് വീണു. സ്‌കൂട്ടര്‍ നിര്‍ത്തി ചാടിയിറങ്ങിയ ഷോജിയും ബാലേഷുമായി മല്‍പിടുത്തമുണ്ടായി. സഹായം തേടി ഷോജി ഉറക്കെ വിളിച്ചെങ്കിലും സമീപവാസികള്‍ എത്തിയപ്പോഴേക്കും കള്ളന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ഷോജിയുടെ മര്‍ദനത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Top