കാപ്പനെ തള്ളിപ്പറഞ്ഞ് സി.പി.എം; പുറത്തേയ്ക്കുള്ള വഴിയൊരുക്കി പാർട്ടി; പാലായിൽ കൈപ്പത്തി ചിഹ്നം നൽകാമെന്നു കോൺഗ്രസ്

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മാണി സി.കാപ്പനും എൻ.സി.പിയിലെ ഒരു വിഭാഗവും എൽ.ഡി.എഫിൽ നിന്നും പുറത്തേയ്‌ക്കെന്നു സൂചന. ഇതു സംബന്ധിച്ചുള്ള സൂചന ശക്തമാക്കി സി.പി.എം ജില്ലാ നേതൃത്വം എൻ.സി.പിയെയും മാണി സി.കാപ്പനെയും തള്ളിപ്പറഞ്ഞു. പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ വിജയിച്ചത് സ്വന്തം ശക്തികൊണ്ടല്ലെന്നു പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സി.പി.എം ജില്ലാ സെക്രട്ടറി.

ഇതോടെയാണ് ഇപ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗവും മാണി സി.കാപ്പനും എൽ.ഡി.എഫ് വിടുമെന്ന സൂചന ലഭിക്കുന്നത്. ഇതിനിടെ മാണി സി.കാപ്പൻ പാലായിൽ മത്സരിച്ചാൽ പിൻതുണയ്ക്കുമെന്നു വ്യക്തമാക്കി കേരള ജനപക്ഷം നേതാവ് പി.സി ജോർജും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം മാണി സി.കാപ്പൻ യു.ഡി.എഫിന്റെ ഭാഗമായി എത്തിയാൽ മത്സരിക്കാൻ കൈപ്പത്തി ചിഹ്നം അനുവദിക്കുമെന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വി.എൻ വാസവന്റെ പ്രസ്താവന എത്തിയിരിക്കുന്നത്. ഇത് എൻ.സി.പി.യിലെ എതിർ വിഭാഗത്തെ കൂടുതൽ പ്രകോപിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ സീറ്റിനു പകരം കുട്ടനാട് എൻ.സി.പിയ്ക്കു നൽകി, കാപ്പനെ ഇവിടെ മത്സരിപ്പിക്കുന്നതിനുള്ള നിർദേശം ഇടതു മുന്നണി കഴിഞ്ഞ ദിവസം മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഇത് പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് എൻ.സി.പിയിലെ കാപ്പൻ അനുകൂലികൾ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ എൻ.സി.പിയിൽ പിളർപ്പ് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പിളർപ്പിന് വിത്തു പാകുന്ന നിലപാടുകളാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്.

കെ.സി വേണുഗോപാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാലായിൽ മാണി സി.കാപ്പന് കൈപ്പത്തി ചിഹ്നം നൽകാമെന്ന നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് എൻ.സി.പിയിലെ പ്രശ്‌നങ്ങളിൽ ഏറ്റവും ഒടുവിൽ പൊട്ടിത്തെറിയുണ്ടാകുമെങ്കിൽ ഇത് കോൺഗ്രസിന് ഗുണമാകുമെന്ന സൂചന ലഭിക്കുന്നത്.

Top