കേക്ക് മുറിക്കുന്നതിനിടെ മോശമായി പെരുമാറി: ശ്രീകുമാർ മേനോനെതിരെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഒടിയൻ സിനിമയുടെ സെറ്റിലുണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി മൊഴിയെടുക്കും. ഒടിയൻ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോൻ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും മഞ്ജു വാരിയര്‍ പരാതിയിൽ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോൻ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു വാരിയര്‍ ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്പി സി.ഡി. ശ്രീനിവാസനായിരുന്നു മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയത്.

Top