ചെറുപ്പ കാലത്തെ അശ്ലീല സിനിമാ അനുഭവങ്ങള്‍ പങ്കുവച്ച് ഗോവ മുഖ്യമന്ത്രി; മനോഹര്‍ പരീക്കര്‍ സിനിമയ്ക്ക പോയത് സഹോദരനോടൊപ്പം

പനാജി: ചെറുപ്പക്കാരനായിരിക്കുമ്പോള്‍ കണ്ട അശ്ലീല സിനിമാ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളോട് പങ്കുവച്ച് ഗോവ മുഖ്യമന്ത്രി. ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായിരുന്ന മനോഹര്‍ പരീക്കര്‍ വിദ്യാര്‍ത്ഥികളോട് തന്റെ അശ്ലീല സിനിമാ അനുഭവങ്ങള്‍ പങ്ക് വെച്ചത്.

ചെറുപ്പകാലത്ത് നിങ്ങള്‍ എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരാള്‍ ചോദിച്ചതോടെയാണ് തന്റെ അശ്ലീല സിനിമാ അനുഭവങ്ങള്‍ പരീക്കര്‍ പറഞ്ഞത്. സഹോദരന്‍ അവധൂതിനൊപ്പമാണ് മിക്കപ്പോഴും അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോയിരുന്നത്. ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാള്‍ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാനാണെന്ന് മനസിലായത്.

ആകെ പ്രശ്‌നമാകുമെന്ന് മനസിലായതോടെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തീയേറ്ററില്‍ നിന്ന് മുങ്ങി. അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ മുന്‍കരുതലായി വീട്ടിലെത്തിയപ്പോള്‍ തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു. പിറ്റേന്ന് അയല്‍ക്കാരന്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പരീക്കര്‍ പറഞ്ഞു.

Top