വിജയത്തിൽ ശുഭപ്രതീക്ഷ! ഉറപ്പാണ് തൃത്താലയെന്ന് എംബി രാജേഷ്

പാലക്കാട്: തൃത്താല വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ശുഭപ്രതീക്ഷയാണുള്ളത്. ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് തൃത്താലയെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുവെന്നും എംബി രാജേഷ് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസന പ്രശ്‌നങ്ങളുമാണ് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചതെന്ന് തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ്. മറുപടിയായി കിട്ടിയത് വ്യക്തിപരമായ അധിക്ഷേപമാണ്. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് മറികടക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എംബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത തൃത്താലയിലെ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃത്താലയിലെ ജനങ്ങള്‍ എന്നോട് കാട്ടിയ സ്‌നേഹവായ്പ് നിസ്സീമമാണ്. ആബാലവൃദ്ധം ജനങ്ങളുടെ സ്‌നേഹപ്രകടനങ്ങള്‍ ഈ കടുത്ത വേനലില്‍ വലിയ ഊര്‍ജമാണ് നല്‍കിയത്. എല്ലാ കുതന്ത്രങ്ങളെയും നേരിട്ട് നിശ്ചയദാര്‍ഢ്യത്തോടെ, വിശ്രമമില്ലാതെ ഒരു മാസം പ്രവര്‍ത്തിച്ച മണ്ഡലത്തിലെ എല്‍ ഡി എഫ് പ്രവര്‍ത്തകരോട്, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രിയ സഖാക്കളോടുള്ള കടപ്പാട് വാക്കുകളില്‍ തീരില്ല.

തൃത്താലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നവും വികസന മുരടിപ്പും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കാന്‍ കഴിഞ്ഞു. പൊള്ളയായ വാക്കുകള്‍ കൊണ്ട് നാളുകള്‍ നീക്കുന്നവര്‍ക്ക് മറുപടി പറയേണ്ടി വന്നു. ഗുരുതരമായ വികസന മുരടിപ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്ന ചെറുനാടകങ്ങള്‍ കളിക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തന്നെ മുന്നില്‍ നിന്ന് ചെറുത്തു.

തൃത്താലയിലെ ജനങ്ങള്‍ക്കു പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേര്‍ പിന്തുണയുമായി എത്തി. അവരെയെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കുന്നു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസന പ്രശ്‌നങ്ങളുമാണ് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്. മറുപടിയായി കിട്ടിയത് വ്യക്തിപരമായ അധിക്ഷേപമാണ്. എല്ലാ പ്രകോപനങ്ങളെയും സമചിത്തതയോടെ നേരിട്ട് മറികടക്കാന്‍ കഴിഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ശുഭപ്രതീക്ഷയാണുള്ളത്.
ഉറപ്പാണ് LDF.
ഉറപ്പാണ് തൃത്താല.
ഒപ്പം നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
സ്‌നേഹത്തോടെ
എം ബി രാജേഷ്

Top