തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത മത്സരം നടക്കുമെന്ന് മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ പ്രി പോള്‍ സര്‍വ്വേ. ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് മത്സമായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാവുക എന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. നേരത്തെ പുറത്ത് വന്ന പല സര്‍വ്വേ ഫലങ്ങളും ഇടതുമുന്നണിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയം പ്രവചിച്ചിരുന്നു.
എല്‍ഡിഎഫിന് 68 മുതല്‍ 74 സീറ്റ് വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് സര്‍വേഫലം. അതേസമയം തന്നെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുന്ന യുഡിഎഫ് 66 മുതല്‍ 72 സീറ്റ് വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്നാല്‍ രണ്ട് സീറ്റുവരെ ബിജെപി നയിക്കുന്ന മുന്നണി നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍ഡിഎ നേടുന്ന സീറ്റുകള്‍ കേരള ഭരണത്തില്‍ നിര്‍ണ്ണായകമാകുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.
വോട്ട് ഷെയറിന്റെ കണക്കെടുക്കുമ്പോള്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഇടതു മുന്നണി 45 ശതമാനം വോട്ട് നേടുമെന്നു പ്രവചിക്കുന്ന സര്‍വ്വെ ഐക്യ ജനാധിപത്യ മുന്നണിക്ക് 42ശതമാനം വോട്ടും എന്‍.ഡി.എയ്ക്ക് 10 ശതമാനം വോട്ടും പ്രവചിക്കുന്നു. അതേസമയം കേരളത്തില്‍ ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്ന ചോദ്യത്തോട് ഏറ്റവും അധികം പിന്തുണ ലഭിച്ചത് 93ാം വയസിലേക്ക് പ്രവേശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണെന്നതും ശ്രദ്ധേയമായി. 35 ശതമാനം പേര്‍ വിഎസിനെ പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്നാലെയെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ 35% പേര്‍ പിന്തുണച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് 34% പേരുടെ പിന്തുണയുണ്ട്. 12% പേരാണ് പിണറായിക്കു പിന്തുണയുമായി എത്തിയത്. ഒ. രാജഗോപാലിന് ഏഴു ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ എ.കെ. ആന്റണിക്ക് ആറു ശതമാനത്തിന്റെയും രമേശ് ചെന്നിത്തലയ്ക്ക് രണ്ടു ശതമാനം പേരുടെയും പിന്തുണയുണ്ട്.
കേരളത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാക്കി നഗരങ്ങളിലെ 39% പേര്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ ഗ്രാമങ്ങളില്‍ 38% പേരുടെ പിന്തുണയുമായി യു.ഡി.എഫ്. മുന്നിട്ടു നില്‍ക്കുന്നു. ഇടതു മുന്നണിയെ ഗ്രാമങ്ങളില്‍ 37% പേരും യു.ഡി.എഫിനെ നഗരങ്ങളില്‍ 36% പേരും പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അഴിമതിയാണെന്ന് 36% പേര്‍ വിശ്വസിക്കുമ്പോള്‍ വികസനത്തെ പിന്തുണച്ച് 37% പേര്‍ രംഗത്തെത്തി. യു.ഡി.എഫ്. ഏറെ കൊട്ടിഘോഷിച്ച മദ്യനിരോധനത്തെ പ്രധാന വിഷയമായി കണ്ടത് വെറും 6% പേര്‍ മാത്രം.
യുവവോട്ടര്‍മാരില്‍ 46 ശതമാനത്തിന്റെ പിന്തുണയുമായി എല്‍.ഡി.എഫ്. ഏറെ മുന്നിട്ടു നില്‍ക്കുമ്പോള്‍ 60 വയസിനു മുകളിലുള്ള 45% പേര്‍ യു.ഡി.എഫിനു പിന്തുണയുമായി രംഗത്തുണ്ട്. ഇപ്പോഴും പാര്‍ട്ടി നോക്കിത്തന്നെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തുന്നതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 49% പേര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടു ചെയ്യുവരുടെ ശതമാനം 40. ദേശീയ വിഷയങ്ങള്‍ പ്രധാനപ്പെട്ടതെന്നു കരുതുന്നവര്‍ വെറും 7%.
പോളിങ്ങിനെ സ്വാധീനിക്കുന്ന സുപ്രധാനഘടകം വികസനമാണെന്ന് 67% പേര്‍ കരുതുന്നു. പ്രകടനപത്രികയ്ക്ക് പിന്തുണ നല്‍കിയവര്‍ 11%. നേതാക്കന്മാരുടെ പ്രചാരണപരിപാടികളില്‍ വോട്ടു രേഖപ്പെടുത്തുന്നത് വെറും 9%. യു.ഡി.എഫിന്റെ മദ്യനയത്തില്‍ 49% സംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ അസംതൃപ്തര്‍ 32% ആണ്. നിഷ്പക്ഷര്‍ 19%.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 13 വരെയുള്ള 16 ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള 14592 പേരെ നേരില്‍ കണ്ടാണ് സര്‍വ്വെ തയ്യാറാക്കിയത്. സര്‍വ്വെയില്‍ പങ്കെടുത്ത 68% പേര്‍ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ആയിരുന്നു. 32% പേര്‍ നഗരങ്ങളില്‍നിന്നും. സര്‍വ്വെയില്‍ പങ്കെടുത്തവരുടെ പ്രായം. 18 മുതല്‍ 25 വരെയുള്ളവര്‍ 14%. 26 മുതല്‍ 35 വരെ 25% 36 മുതല്‍ 50 വരെ 37%, 51 മുതല്‍ 60 വരെ 16%, 60നു മുകളില്‍ 8%.
ആക്‌സിസ് മൈ ഇന്ത്യ എന്ന ഏജന്‍സിയാണ് മാതൃഭൂമി ചാനലിന് വേണ്ടി വേണ്ടി സര്‍വ്വെ തയ്യാറാക്കിയത്. 2014 പൊതു തിരഞ്ഞെടുപ്പിലും 2015 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലും നടന്ന പ്രി പോള്‍ സര്‍വ്വെകളില്‍ നൂറു ശതമാനം കൃത്യത പാലിച്ച ഏജന്‍സിയാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആക്‌സിസ് മൈ ഇന്ത്യ.


