സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് കയർത്ത് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഇതോടെ വിവാദങ്ങൾ കൂടെപ്പിറപ്പായ ജോസഫൈൻ വീണ്ടുമൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ്.
ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് യുവതി വനിതാ കമ്മീഷൻ അധ്യക്ഷയോട് പറയുകയായിരുന്നു. എന്നാൽ തീർത്തും മോശമായ പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
യുവതി വിളിച്ചത് മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും എറണാകുളത്ത് നിന്നും വിളിച്ച യുവതി പരാതി പറഞ്ഞു.
കുട്ടികളില്ലെന്നും ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്റെ മറുപടി.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
ജോസഫൈന്റെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.


