തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പിരശോധിച്ചാല്‍ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നഗര മേഖല ബിജെപിയെ കൈയയച്ച് പിന്തുണച്ചു. അതുകൊണ്ട് തന്നെ നേമം കഴിഞ്ഞാല്‍ ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. പല പ്രമുഖരേയും ഇവിടേയക്ക് പരിഗണിച്ചു. ഒ രാജഗോപാല്‍, സുരേഷ് ഗോപി, ജി മാധവന്‍ നായര്‍, മേനകാ സുരേഷ്, കുമ്മനം രാജശേഖരന്‍ ഇങ്ങനെ നീളുന്നു പട്ടിക. എന്നാല്‍ ഇവരൊക്കെ തിരുവനന്തപുരം ഏറ്റെടുത്തില്ല. ഒടുവില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനും ശ്രമിച്ചു. അതും നടന്നില്ല. ഇതോടെ പുതിയ സ്ഥാനാര്‍ത്ഥികളെ തേടുകയാണ് ബിജെപി. സംവിധായകന്‍ രാജസേനനും നടി മേനകാ സുരേഷും സംസ്ഥാന സെക്രട്ടറി വിവി രാജേഷും കരമന ജയനുമെല്ലാം പരിഗണനാ പട്ടികയില്‍ ഉണ്ട്.
തിരുവനന്തപുരത്ത് താരപരിവേഷമുള്ള വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ ആഗ്രഹം. ആര്‍എസ്എസ് നിര്‍ദ്ദേശവും അതു തന്നെയാണ്. എന്നാല്‍ പ്രമുഖരാരും മത്സരിക്കാന്‍ തയ്യാറാകുന്നില്ല. സുരേഷ് ഗോപിയടക്കമുള്ളവര്‍ക്ക് പ്രചരണത്തില്‍ സജീവമാകാനാണ് താല്‍പ്പര്യം. നേമത്തേ മത്സരിക്കൂവെന്ന് രാജഗോപാല്‍ നിര്‍ബന്ധം പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുമ്മനത്തെ നേമത്തും രാജഗോപാലിനെ തിരുവനന്തപുരത്തും സുരേഷ് ഗോപിയെ വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആര്‍എസ്എസിന്റെ ആദ്യ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിന് തിരുവനന്തപുരത്ത് 5000 വോട്ടിന്റെ മേല്‍കൈ കിട്ടിയിരുന്നു. എന്നാല്‍ നിയമസഭയില്‍ ആ മുന്നേറ്റം നിലനിര്‍ത്താനാകുമോ എന്ന് രാജഗോപാല്‍ ഭയന്നു. ലോക്‌സഭയില്‍ പതിനയ്യായിരത്തില്‍ പരം വോട്ട് കൂടുതല്‍ കിട്ടിയ നേമം മതിയെന്ന് തറപ്പിച്ചു പറഞ്ഞ.മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണി കൂടിയായപ്പോള്‍ രാജഗോപാല്‍ നേമത്ത് ഉറപ്പിച്ചു. സുരേഷ് ഗോപി പിന്മാറിയതോടെ കുമ്മനം വട്ടിയൂര്‍ക്കാവിലും. ഈ മാറ്റങ്ങള്‍ കാരണമാണ് തിരുവനന്തപുരത്തെ കണക്ക് കൂട്ടല്‍ തെറ്റിയത്. രണ്ടാം നിര നേതൃത്വത്തോടും തിരുവനന്തപുരത്ത് പ്രധാനികള്‍ മത്സരിക്കുമെന്നാണ് സൂചന നല്‍കിയത്. ജി മാധവന്‍നായരും മത്സരത്തിന് തയ്യാറായില്ല. ഇതിനിടെയാണ് കാസര്‍ഗോട്ട് നിന്നും കെ സുരേന്ദ്രനെ തിരുവനന്തപുരത്തുകൊണ്ടു വരാനുള്ള നീക്കം നടത്തിയത്. എന്നാല്‍ നായര്‍ മേഖലകളില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തലെത്തി. ഇതിനൊപ്പം സുരേന്ദ്രനും കാസര്‍ഗോഡ് വിട്ടൊരു മത്സരത്തിന് വിമുഖത പ്രഖ്യാപിച്ചു. ഇതോടെ എല്ലാം അവതാളത്തിലായി.
ബിജെപിയുമായി പിപി മുകുന്ദന്‍ പിണക്കത്തിലാണ്. മുകുന്ദന് സ്വാധീനമുള്ള മേഖലയുമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ മുരളീധര പക്ഷത്തുള്ളവര്‍ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ല. മുകുന്ദന്‍ ഫാക്ടറില്‍ തിരിച്ചടി കിട്ടുമെന്നാണ് ഭയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബികെ ശേഖറായിരുന്നു സ്ഥാനാര്‍ത്ഥി. പ്രചരണത്തിനിടെ കാന്‍സര്‍ രോഗം കലശലായി ബികെ ശേഖര്‍ മരിക്കുകയായിരുന്നു. ശേഖറിനെ പോലുള്ള നേതാവിന്റെ അഭാവവും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷിനാണ് പ്രധാന പരിഗണന. എന്നാല്‍ രാജേഷിന് നെടുമങ്ങാട് മത്സരിക്കാനാണ് താല്‍പ്പര്യം. പി അശോക് കുമാര്‍, കരമന ജയന്‍ എന്നിവരേയും പരിഗണിക്കുന്നു.
എന്നാല്‍ അവസാന നിമിഷം വരെ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള പൊതുസമ്മതനെ കണ്ടെത്താനാകുമോ എന്ന് ബിജെപി പരിശോധിക്കും. സംവിധായകന്‍ രാജസേനനുമായി ആശയ വിനിമയം നടത്തുന്നുണ്ട്. പഴയകാല നടി മേനകാ സുരേഷും ആലോചനയിലുണ്ട്. മഞ്ജുവാര്യരേയും ബിജെപി പരിഗണിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മഞ്ജുവിന്റെ ബന്ധുവായി ബിജെപി നേതാവ് വഴിയായിരുന്നു ഇത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഈ നേതാവിന്റെ നീക്കം മഞ്ജു വാര്യര്‍ അംഗീകരിച്ചില്ല. ബിജെപിയുമായി അടുപ്പമുള്ള സിനിമാക്കാരും മഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചു. അതും നടി മുഖവിലയ്ക്ക് എടുത്തില്ല. ഇതും ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിച്ചു. ഇതുമൂലം ജില്ലയിലെ മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അനിശ്ചിതത്വത്തിലാവുകയാണ്.
ഇതിനൊപ്പം ബിജെപിക്ക് ജില്ലാ പഞ്ചായത്ത് അംഗമുള്ള നിയമസഭാ മണ്ഡലമാണ് കോവളം. ഈ മണ്ഡലം ബിഡിജെഎസിന് വിട്ടുകൊടുക്കുന്നതും പ്രശ്‌നമായിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സുരേഷ് മത്സരിക്കാന്‍ ആഗ്രഹിച്ച മണ്ഡലമാണ് കോവളം. രണ്ട് പഞ്ചായത്തുകളില്‍ ഇവിടെ ബിജെപി ഭരണവുമുണ്ട്. ഈ സാഹചര്യത്തില്‍ കോവളം ബിഡിജെഎസിന് വിട്ടുനല്‍കരുതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാറശ്ശാലയും നെടുമങ്ങാടും നെയ്യാറ്റിന്‍കരയും അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.