മോദി നടത്താനിരുന്ന പശ്ചിമബംഗാള്‍ സന്ദര്‍ശനം ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന പശ്ചിമബംഗാള്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മോദി ബംഗാളില്‍ നടത്താനിരുന്ന റാലി ഉപേക്ഷിച്ചത്. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന രഥയാത്രകള്‍ കോടതി വിധിക്ക് വിധേയമായി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ റാലിയും ഉപേക്ഷിച്ചത്.
രഥയാത്ര നടന്നില്ലെങ്കിലും ഡിസംബര്‍ 16ന് സിലിഗുഡിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അറിയിച്ചിരുന്നു. എന്നാല്‍ റാലിക്ക് പ്രധാനമന്ത്രി എത്തുന്നില്ലെന്നാണ് ഒടുവില്‍ ഘോഷ് തന്നെ വെളിപ്പെടുത്തിയത്.

മറ്റൊരു പ്രാസംഗികനായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങും എത്തുന്നില്ലെന്നാണ് വിവരം. രമണ്‍സിങ്ങിന് എത്താന്‍ തടസ്സമൊന്നുമില്ലെന്നാണ് ഘോഷ് പറഞ്ഞത്. എന്നാല്‍ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിമാരിലൊരാളുമായ രാഹുല്‍ സിന്‍ഹ പറഞ്ഞത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എത്തുകയില്ലെന്നുമാണ്. രഥയാത്രയുടെ അനിശ്ചിതത്വവും അഞ്ചുസംസ്ഥാനങ്ങളിലെ തോല്‍വിയും അണികളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ദേശീയ രാഷ്ട്രീയമോ അന്യസംസ്ഥാനങ്ങളിലെ രാഷ്ട്രീയമോ ബംഗാള്‍ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കുകയില്ലെന്നും ഘോഷ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top