ഓഖി ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കനത്ത പ്രതിഷേധം; കൈക്കുഞ്ഞുമായി അമ്മ എണീറ്റു; അതീവ സുരക്ഷാ വേദിയിലെ അപൂര്‍വ്വ സംഭവം

തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ന്നിമേഷനായി നിന്നു. ഓഖി ദുരന്തം തകര്‍ത്തെറിഞ്ഞ മുഖങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ കത്തി നിന്നു. അടക്കി വച്ചിരുന്ന ദുഃഖം അണപൊട്ടിയപ്പോള്‍ പൂന്തറ കമ്മ്യൂണിറ്റി ഹാള്‍ പ്രതിഷേധ ക്കടലായി. കടലില്‍ നിന്ന് തിരിച്ചുവരാത്തവരുടെ ബന്ധുക്കളുടെ വേദന കൂട്ടക്കരച്ചിലായി.

പൂന്തുറയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ കൈക്കുഞ്ഞുമായി സദസ്സില്‍ നിന്നും ഒരമ്മ എഴുന്നേറ്റത് ആശങ്ക പരത്തി. കനത്ത സുരക്ഷയ്ക്കിടയിലും ഉയര്‍ന്ന പ്രതിഷേധം പൂന്തുറ സെന്റ്തോമസ് ഓഡിറ്റോറിയത്തില്‍ ഉയര്‍ത്തിയത് ഏറെ നേരത്തേ സംഘര്‍ഷാന്തരീക്ഷം. തുടര്‍ന്ന് ഹാള്‍ സാക്ഷിയായത് പ്രധാനമന്ത്രിയെപ്പോലെയുളള വിവിഐപികള്‍ പ്രസംഗിക്കുന്ന അതീവ സുരക്ഷയുള്ള വേദിയില്‍ ബഹളം വെയ്ക്കുന്ന അപൂര്‍വ്വ സംഭവത്തിന്.

സുരക്ഷാചുമതലയുള്ള പിഎസ്ജി ഉദ്യോഗസ്ഥര്‍ ഇരിക്കാന്‍ നിര്‍ദേശിച്ചതോടെയാണ് ഇവര്‍ അടങ്ങിയത്. 15 മിനിറ്റത്തെ ചടങ്ങുകള്‍ മതിയാക്കി പ്രധാനമന്ത്രി ഹാളില്‍ നിന്നും മടങ്ങുമ്പോഴേയ്ക്കും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം വീണ്ടുമുയര്‍ന്നു. വേദിക്കകത്തും പുറത്തും ബഹളം വെച്ച ഇവരെ അനുനയിപ്പിക്കാന്‍ വൈദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിട്ടും നടന്നില്ല. മോഡി വേദിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ പ്രതിഷേധം ശക്തമായിരുന്നു.

പ്രധാനമന്ത്രി തങ്ങളെ കേള്‍ക്കാനോ കാണാനോ ശ്രമിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. കനത്ത സുരക്ഷയ്ക്കിടയില്‍ പോലും സംഘര്‍ഷാന്തരീക്ഷം നീണ്ടു നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളെ വേദിയില്‍ എത്തിച്ച് കാത്തു നിര്‍ത്തിയെന്നും എന്നിട്ട് പ്രധാനമന്ത്രി ഒരു വാക്കുപോലും കേള്‍ക്കാന്‍ തയ്യാറാകാതെ മടങ്ങിയെന്നും ആയിരുന്നു ഇവരുടെ ആവലാതി.

പൂന്തുറയില്‍ പത്ത് മിനിട്ട് ചെലവഴിച്ച് മോദി പോയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പൊട്ടിത്തെറിച്ചു. മണിക്കൂറുകളായി ഞങ്ങളിവിടെ കാത്തിരുന്നത് ഇതിനാണോ. പ്രധാനമന്ത്രി എന്തെങ്കിലും സഹായം പ്രഖ്യാപിക്കുമെന്ന് കരുതിയാണ് ഞങ്ങള്‍ വന്നത്. ഒന്നും തന്നില്ല. ഞങ്ങള്‍ക്കിനിയാരുണ്ട്. ഞങ്ങളുടെ ദു:ഖം ആര് കാണും.

കരച്ചിലും ബഹളവുമായി ഏറെ നേരം രംഗം ശബ്ദ മുഖരിതമായിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പിഎസ്ജി ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയായിരുന്നു പ്രതിഷേധജ്വാല ആളിപ്പടര്‍ന്നതും. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബിജെപി കേന്ദ്ര-കേരള നേതാക്കള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യത്തിലായിരുന്നു പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം നടത്തിയത്.

Top