
രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടെ മാതൃഭാഷകളില്‍ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ മാതാവിന് തുല്യമാണെന്നും മാതാവും മാതൃഭാഷയും നമ്മുടെ ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭാഷകളുടെ കാര്യത്തില്‍ ഭാരതം സമ്പന്നമാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കച്ച് മുതല്‍ കൊഹിമ വരെ നൂറ് കണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഭാഷാഭേദങ്ങള്‍. അവയെല്ലാം പരസ്പരം വ്യത്യസ്തമാണെന്നും അവ പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ കിലി പോളിന്റേയും സഹോദരിയുടേയും ഇന്ത്യയോടുള്ള സ്‌നേഹം പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ എടുത്ത് പറയുകയും ചെയ്തു. രാജ്യത്തെ യുവാക്കളോട് ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ അവരുടേതായ രൂപത്തില്‍ അവതരിപ്പിക്കണമെന്നും അതുവഴി പോപ്പുലറാകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാമെന്ന് മോദി മന്‍ കീ ബാത്തില്‍ പറഞ്ഞു.
കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകള്‍ റോസ് മേരിക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. കൂടാതെ അതിനാവശ്യമായ ചികിത്സ നല്‍കിയ കേരളത്തിലെ ആയുര്‍വേദ ആശുപത്രിയെക്കുറിച്ച് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തു