തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍.മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ വ്യക്തമാക്കി. ഒരു ചാനലിന്റെ ഡയക്ടര്‍ ബോര്‍ഡ് അംഗമായി മോഹന്‍ലാല്‍ വന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചവരാണ് ആര്‍എസ്എസുകാര്‍. അതേ ആള്‍ക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ മത്സര രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മോഹന്‍ലാല്‍ പൊതുസമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹം ഒരു കലാകാരനാണ്. രാജ്യം നിരവധി അവാര്‍ഡുകള്‍ നല്‍കി ആദരിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരാളെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്ന് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കാനാണോ ബിജെപി ആഗ്രഹിക്കുന്നത് എന്നും വിമല്‍ ചോദിച്ചു.ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ന്യൂസ് അവറി’ലാണ് ലാൽ ഫാൻസ് അസോസിയേഷൻ നേതാവിന്റെ പ്രതികരണം .
ഒരു നടനെ വെച്ചല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. പാര്‍ട്ടികളുടെ നിലപാടുകളും നയങ്ങളും വച്ചാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ പോയി ഒന്നും ചെയ്യാത്തതിന്റെ പേരില്‍ ഇന്നസെന്റിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ പോലും ആളുകള്‍ കൂക്കി വിളിക്കുകയാണ്. മുകേഷിന്റെ കാര്യവും അങ്ങനെതന്നെയാണ്. മുകേഷും മണ്ഡലത്തില്‍ തിരിഞ്ഞ് നോക്കുന്നില്ല.ഒരു രാഷ്ട്രീയപാർട്ടിയും ഒരു നടനെ വെച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് വിമൽ കുമാർ പറയുന്നു. അവർക്ക് അവരുടേതായ നയം വേണം.
മോഹൻലാൽ പൊതു സമൂഹത്തിന്‍റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേൾക്കാത്ത ആരോപണങ്ങൾ അദ്ദേഹം കേൾക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങൾക്ക് ശരിക്ക് മോഹൻലാലിനോട് സ്നേഹമുണ്ടോ? – എന്ന് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ ചോദ്യം.
ഇന്നസെന്‍റിനെ പലയിടത്തും ആളുകൾ സ്ക്രീനിൽ കാണുമ്പോൾ ചീത്ത വിളിയും ബഹളവുമാണ്. നല്ല നടനാണ് ഇന്നസെന്‍റ്. പക്ഷേ ജയിച്ച് പാർലമെന്‍റിലേക്ക് പോയിട്ട് ഒന്നും ചെയ്തില്ല. സിനിമ കാണുന്ന ആളുകൾ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. അവർക്ക് കാര്യങ്ങളറിയാം. അതുപോലെത്തന്നെയാണ് മുകേഷും. ആകെ അപവാദമുള്ളത് ഗണേഷ് കുമാറാണ്.
സുരേഷ് ഗോപിയെപ്പോലെയല്ല മോഹൻലാൽ. രാഷ്ട്രസേവനത്തിനായി സ്വയം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹൻലാലിന് സിനിമയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. മോഹൻലാൽ സിനിമയിലഭിനയിക്കണ്ട, പകരം ലോക്സഭയിലെ പിന്നിലെ സീറ്റിൽ പോയി ഇരുന്നാൽ മതിയെന്നല്ല ഞങ്ങൾ കരുതുന്നത് – വിമൽ കുമാർ വ്യക്തമാക്കി.
മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ തയ്യാറാകുന്നപക്ഷം, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയും ബിജെപി ആയിരിക്കുമെന്ന് എംടി രമേശ് അറിയിച്ചു. ഇക്കാര്യത്തില്‍ മോഹന്‍ലാലാണ് നിലപാട് അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.