കൊച്ചി: തന്റെ പുതിയ ചിത്രമായ ഒടിയനിലെ മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയാകുകയാണ്. ചുരുങ്ങിയ ദിവസം കൊണ്ട് നേടിയെടുത്ത രൂപമാറ്റം കണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് വരെ മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകര്‍ സ്വീകരിച്ചതോടെ മാസങ്ങളായുള്ള ആശങ്കയും ഭയവും പോയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. അതിനിടെ 18 കിലോ കുറച്ച മോഹന്‍ലാലിനെ കണ്ടാല്‍ ഇപ്പോള്‍ പ്രായം മുപ്പതേ പറയൂവെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. പുതിയ ലുക്ക് ഫോട്ടോ ഷെയര്‍ ചെയ്ത് ലാലിന്റെ രൂപമാറ്റം ആഘോഷമാക്കുകയാണ് ആരാധകര്‍.
‘ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള്‍ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാല്‍ ആരാധകനാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഒടിയന്റെ ഫസ്റ്റ്ലുക്ക് വന്ന നാള്‍ മുതല്‍ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വര്‍ഷങ്ങളായി നമ്മളുടെ മനസ്സില്‍ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതില്‍ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോള്‍ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നു.’-ഒടിയന്റെ സംവിധായകന്‍ വിലയിരുത്തുന്നു. ‘ആരാധകര്‍ ഞെട്ടിയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞാനിപ്പോള്‍ ആ ഞെട്ടലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകും.’ രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മെലിഞ്ഞ് കൂടുതല്‍ ചെറുപ്പക്കാരനായ ഒടിയന്‍ മാണിക്യനിലേക്കാണ് മോഹന്‍ലാലിന്റെ രൂപപരിണാമം. സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് താരം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ വേഷപ്പകര്‍ച്ചയോടെ ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ഇതിനിടെ ലാല്‍ കൊച്ചയില്‍ വിമാനം ഇറങ്ങി. ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറാലുകുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ രൂപമാറ്റം വരുത്താന്‍ പ്രവര്‍ത്തിച്ചത്. ഈ സംഘം മടങ്ങി കഴിഞ്ഞു. രഹസ്യ കേന്ദ്രത്തിലായിരുന്നു ഇതിനുള്ള ചികില്‍സ. ഒടിയന്‍ മാണിക്യന്റെ പുതിയ മുഖം. തേങ്കുര്‍ശിയിലേക്കുള്ള ഒടിയന്‍ മാണിക്യന്റെ തിരിച്ചുവരവാണ്. ഭൂതകാലത്തിലെ യുവാവായ മാണിക്യന്‍.
കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ഒറ്റഘട്ടത്തില്‍ കുറച്ചത് 18 കിലോഗ്രാം ഭാരമായിരുന്നു. 50 ദിവസം പിന്നിട്ട കഠിനപരിശീലനങ്ങളിലൂടെയായിരുന്നു താരത്തിന്റെ യാത്ര. പരിശീലനത്തിന് ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന വിദഗ്ധസംഘമാണ് നേതൃത്വം നല്‍കിയത്. ദിവസവും അഞ്ചു മണിക്കൂറിലധികം ഇതിനായി മോഹന്‍ലാല്‍ ചെലവിട്ടു. പരിശീലനഘട്ടങ്ങളിലൊന്നും ഒരു ഫോട്ടോ പോലും പുറത്തുവിടാതിരുന്നു. അതുകൊണ്ട് തന്നെ പുതിയ ലുക്ക് രഹസ്യമായി വയ്ക്കാന്‍ ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി.
നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു. 51 ദിവസത്തിന് ശേഷം രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്സര്‍സൈസ് ചെയ്യുന്നുണ്ട്. ‘ഒടിയന്‍’ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് മോഹന്‍ലാലിന്റെ പ്രതികരണം.
അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.-ഒടിയന്‍ സിനിമയ്ക്ക് വേണ്ടി ഭാരവും ലുക്കും മാറ്റിയതിനെ കുറിച്ച് മോഹന്‍ലാല്‍ വിശദീകരിക്കുകയാണ്. ‘നിങ്ങളെപ്പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങള്‍ക്കു ജീവിത കാലം മുഴുവന്‍ ഇതേ തുടിപ്പോടെ ജീവിക്കാന്‍ കഴിയും. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങളിലുണ്ട്. ‘ 51 ദിവസം നീണ്ട പരിശീലനത്തിനു ശേഷം ലാലിന്റെ ശരീര ഭാരം 18 കിലൊ കുറച്ച ശേഷം ഫ്രാന്‍സില്‍ നിന്നെത്തി സംഘം തിരിച്ചു പോകുകയായിരുന്നു-മനോരമയാണ് ലാലിന്റെ തടികുറച്ചില്‍ വിശേഷങ്ങളെ കുറിച്ച് എഴുതുന്നത്.
സുഹൃത്തുക്കളില്ലാതെ ഭാര്യ സുചിത്രയുടെ തണലില്‍ പരിശീലനത്തിന്റെ മാത്രം ലഹരിയില്‍ എങ്ങിനെ 51 ദിവസം തള്ളിനീക്കിയെന്നു ലാലിനോടു ചോദിച്ചു. ചെന്നൈയിലെ കടല്‍ത്തീരത്തുകൂടി രാത്രിയുടെ നേര്‍ത്ത വെളിച്ചത്തില്‍ നടക്കുമ്പോള്‍ ലാല്‍ പറഞ്ഞു, ഒരോ ചികിത്സയ്ക്കും പരിശീലനത്തിനും അതിന്റെതായ രഹസ്യമുണ്ട്. ആ രഹസ്യംകൂടി ചേര്‍ന്നതാണു ചികിത്സ. അതുകൊണ്ടുതന്നെ ഞാനതെക്കുറിച്ചു പറയുന്നില്ല. മുന്‍പ് ഞാന്‍ വെള്ളം ഉപയോഗിച്ചു മാത്രം ചികിത്സിച്ചിട്ടുണ്ട്.-തടി കുറച്ച ചികില്‍സയോട് മോഹന്‍ലാല്‍ മനോരമയുടെ ഉണ്ണി കെ വാര്യരോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.
പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടുതന്നൊണു അതു ചെയ്യുന്നതെന്നും ലാല്‍ പറഞ്ഞു.
രാത്രി വൈകുന്നതുവരെയും ലാല്‍ സംസാരിച്ചതു ഒടിയനെക്കുറിച്ചും സിനിമയെക്കുറിച്ചുമാണു. തടി കുറയ്ക്കാന്‍ ചെയ്ത കാര്യങ്ങളിലേക്കു വരുമ്പോള്‍ ലാല്‍ പതുക്കെ തെന്നി, തെന്നി സിനിമയിലേക്കു പോയി. അവസാനം വരെ അതു മാത്രം പറഞ്ഞില്ലെന്നും ഉണ്ണി കെ വാര്യര്‍ എഴുതുന്നു. 51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലൊയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീടു പെട്ടെന്നു കുറയുകയായിരുന്നു.
മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണു ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സസൈസ് ചെയ്യുന്നുണ്ടായിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.