കാസര്‍കോഡ്: നാടിനെ നടുക്കി കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടിൽ കൊല്ലപ്പണി ചെയ്തു വന്നിരുന്ന സുന്ദരനെ(48)യാണ് തിങ്കളാഴ്ച രാത്രിയിൽ ആലയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമയം ഏറെ വൈകിയിട്ടും വീട്ടിൽ എത്താത്തതിനെത്തുടര്‍ന്ന് സമീപ വാസികള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്വന്തം ആലയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന സുന്ദരന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമെറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സുനിത. മക്കൾ ശ്രേയ,ദയ. കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 10) യാണ് കാസര്‍കോഡ് ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. ചിറ്റാരിക്കാൽ നർക്കിലാക്കട്ടെ പാറയ്ക്കൽ വർഗ്ഗീസ് (കുഞ്ഞച്ചന്‍ 65)നെയാണ് വീടിന്‍റെ മുന്നിലുള്ള നടപ്പടിയില്‍ വച്ച് കറിക്കത്തികൊണ്ട് കഴുത്തറത്ത നിലയില്‍ കണ്ടത്. രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയിൽ നിന്ന് മൂത്രമൊഴിക്കുവാനായി പുറത്തിറങ്ങിയ വർഗീസ് തിരിച്ചു വരാത്തതിരുന്നതോടെ ഭാര്യ ഗ്രേസി നോക്കാനായി പുറത്തേക്കിറങ്ങി. അപ്പോള്‍ വീടിന്‍റെ പടിയിൽ ദേഹമാസകലം രക്തം ഒലിപ്പിച്ച് നിൽക്കുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്.
ആദ്യം രകതം ഛർദിക്കുന്നു എന്നാണ് ഇവർ കരുതിയത്. എന്നാൽ, കഴുത്തിൽ മുറിഞ്ഞ പാടും വരാന്തയിൽ കത്തിയും കണ്ടതോടെ ഗ്രേസി അയൽവാസികളെ വിളിച്ചു വരുത്തി. ജീവന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വര്‍ഗീസ് മരിച്ചു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മലയോരത്തെ ഞെട്ടിച്ചു കൊണ്ട് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴുത്തറുത്തു മരണം റിപ്പോർട് ചെയ്തിരിക്കുന്നത്. കഴുത്തറുത്തുള്ള മരണം തുടര്‍ച്ചയായ സംഭവിച്ചതോടെ നാട്ടുകാരും ആശങ്കയിലാണ്. എന്നാൽ, കട ബാധ്യതയെതുടർന്ന് സുന്ദരൻ സ്വയം കഴുത്തറുത്തു മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.