കണ്ണൂര്‍: ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി അഴീക്കോട് മത്സരിക്കുന്ന എം വി നികേഷ് കുമാറിന് സമ്പാത്തിക തട്ടിപ്പില്‍ നിരവധി കേസുകള്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ കേസുള്ള സ്ഥാനാര്‍ത്ഥിയും നികേഷായിരിക്കാം. 57 കേസുകളാണ് നികേഷിനെതിരെ ഉള്ളത്. ഇതില്‍ 54 കേസുകള്‍ ലക്ഷക്കണക്കിന് രൂപയുടെ ചെക്ക് നല്‍കിയിട്ട് പണം നല്‍കാത്തതിന്റെ പേരില്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് കോടതികളില്‍ നടക്കുന്നവയാണ്.
നികേഷ് കുമാര്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ചെക്ക് കേസുകളുമായി ഒരു സ്ഥാനാര്‍ത്ഥി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സി.പി.ഐ.എമ്മിലും ഇടതുമുന്നണിയിലും കേസുകളുള്ള നിരവധി സ്ഥാനാര്‍ത്ഥികളുണ്ട്. അതെല്ലാം പത്തില്‍ താഴെ വരുന്ന കേസുകളാണ്. രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ഭാഗമായി പൊലീസ് എടുത്ത കേസുകളാണ്.
സത്യവാങ്മൂലത്തില്‍ നികേഷിന്റെ ആസ്ഥിയായി കാണിച്ചിരിക്കുന്നത് 4,68,40877 രൂപയും ഭാര്യ റാണി 4,2,414322 രൂപയുമാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷിന് 2 കോടി 30 ലക്ഷം രൂപ വില വരുന്ന രണ്ട് ലക്ഷത്തി മുപ്പതിനായിരം ഷെയറും ഭാര്യ റാണിക്ക് അഞ്ച് ലക്ഷം രൂപയുടെ ഷെയറുമുണ്ട്.
എം.വി.രാഘവന്റെ ആത്മകഥയില്‍ പറയുന്നത് നിത്യജീവിതത്തിന് വകയില്ലാതെ രാഘവന്റെ അമ്മ കരിങ്കല്‍ചുമട് ജോലിക്ക് പോയെന്നും ജീവിക്കാന്‍ നിവൃത്തിയില്ലാതെ രാഘവന്‍ ആദ്യം ബീഡി തെറുപ്പിലേക്കും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു എന്നുമാണ്. എം.വി.ആര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സത്യവാങ്മൂലത്തില്‍ 10 സെന്റില്‍ താഴെ വരുന്ന സ്ഥലവും വീടുമാണ് ആസ്ഥിയായി കാണിച്ചിരുന്നത്. മറ്റ് സ്വത്തുക്കളൊന്നുമില്ലെന്നാണ് എം.വി.ആര്‍ രേഖപ്പെടുത്തിയിരുന്നത്. നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത് ഏഷ്യാനെറ്റിലെ ഒരു സാധാരണ റിപ്പോര്‍ട്ടറായാണ്. പിന്നീട് എം.കെ.മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷനില്‍ ജോലി ചെയ്തു.
ഇന്ത്യാവിഷനില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലായിരുന്നു എന്ന് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നികേഷിന്റെ ഭാര്യ റാണിക്കും കുടുംബസ്വത്തുണ്ടായിരുന്നില്ല. അവരും ഏഷ്യാനെറ്റിലും റിപ്പോര്‍ട്ടറിലും സാധാരണ ജേണലിസ്റ്റ് ആയാണ് ജോലി ചെയ്തത്. പിന്നീട് എങ്ങനെയാണ് നികേഷിന് 4 കോടി 68 ലക്ഷം രൂപയുടെ ആസ്ഥിയും റാണിക്ക് 42 ലക്ഷം രൂപയുടെ ആസ്ഥിയും ഉണ്ടായതെന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് മന്ത്രിമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി തുടങ്ങി എല്ലാവരേക്കാളും ആസ്ഥിയുണ്ട് നികേഷിന്.


