ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഐക്യം, സമാധാനം, ശാന്തി, യോജിപ്പ് എന്നിവ രാജ്യത്തിന് ആവശ്യമാണ്. രാജ്യത്തിന്റെ ഐക്യത തകരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ മറക്കാനാവില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി സര്‍ദാര്‍ പട്ടേലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. സര്‍ദാര്‍ പട്ടേലിനെ പോലെ പലരുടേയും പ്രയത്നഫലമാണ് രാജ്യത്തെ ഐക്യത. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒരിയ്ക്കലും കുടുംബവാഴ്ചയില്‍ അഭിരമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പരമ്പര്യം അവകാശപ്പെട്ട് ആരും അനര്‍ഹമായി ഒന്നും നേടിയുമില്ലെന്നും മോഡി വ്യക്തമാക്കി.
ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ സര്‍ദാര്‍ പട്ടേലിന്റെ 140മത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന ഏകതാ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനങ്ങളിലും ഇതോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്.ആതേസമയം, രാജ്യത്ത് രൂക്ഷമായി വളര്‍ന്നുവരുന്ന ഫാസിസ്‌റ്റ് നയങ്ങളെയും ബീഫ് വിവാദങ്ങളെയും കുറിച്ച് മോഡി ഒന്നും വ്യക്തമാക്കിയില്ല എന്നത് ഏറെ ശ്രദ്ധേയമായി.