ഗൗരിയ്യമ്മ ബിജെപി മുന്നണിയിലേക്ക്; സിപിഎം വഞ്ചിച്ചെന്ന് ജെഎസ്എസ്

ആലപ്പുഴ: ഇടതുമുന്നണിയില്‍ ഒതുക്കപ്പെട്ടതോടെ വെള്ളാപ്പളളിക്കൊപ്പം കൂടി ബിജെപി മുന്നണിയിലെത്താന്‍ ജെഎസ്എസ് നേതാവ് ഗൗരിയ്യമ്മ നീക്കം തുടങ്ങി. എന്‍ഡിഎയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന നിലപാടാണ് ഗൗരിയ്യമ്മ സ്വീകരിച്ചിരിക്കുന്നത്.

അടുത്ത മാസം ഒന്‍പതിന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയോട് നേരത്തേതന്നെ തനിക്കു വിരോധമില്ല, ചില നിലപാടുകളോടുമാത്രമേ എതിര്‍പ്പുണ്ടായിരുന്നുള്ളുവെന്നും ഗൗരിയമ്മ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റുനല്‍കാതെ സിപിഎം തന്നെയും പാര്‍ട്ടിയെയും വഞ്ചിക്കുകയായിരുന്നുവെന്ന് ഗൗരിയമ്മ കുറ്റപ്പെടുത്തി. താനോ പാര്‍ട്ടിയോ ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. സ്വന്തം കാര്യം നോക്കി ഇതുവരെ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. ചെറിയ പാര്‍ട്ടിയായാലും വലിയ പാര്‍ട്ടിയായാലും വഞ്ചന കാട്ടിയാല്‍ അത് ഒരുപോലെയാണ്.

ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുന്ന സമീപനമാണ് സിപിഎം കാട്ടിയത്. ഇടതുപക്ഷം ആരുടെയും കുത്തകയല്ല. അങ്ങനെ ആരും കരുതുകയും വേണ്ടെന്നും അവര്‍ പറഞ്ഞു. സിപിഎം കെട്ടിപ്പടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടില്‍ തനിക്ക് ദുഃഖമില്ലെന്നും അവര്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു. എന്നാല്‍ കടുത്ത അമര്‍ഷമുണ്ട്. ഇതിനു മുമ്പും താന്‍ ദുഃഖിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നോക്കി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെന്റര്‍ ആഹ്വാനം ചെയ്തു. നേരത്തെ യുഡിഎഫ് മുന്നണിയിലായിരുന്ന ഗൗരിയമ്മയെ സീറ്റുകള്‍ വാഗ്ദാനം നല്‍കിയാണ് സിപിഎം എല്‍ഡിഎഫിനൊപ്പം കൂട്ടിയത്. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകള്‍ നല്‍കണമെന്ന് ജെഎസ്എസ് രേഖാമൂലം ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനുശേഷം 22 വര്‍ഷങ്ങള്‍ കഴിഞ്ഞ് സീറ്റാവശ്യപ്പെട്ട് എകെജി സെന്ററിന്റെ പടിപോലും ചവിട്ടാന്‍ ഗൗരിയമ്മ നിര്‍ബ്ബന്ധിതയായി. എന്നാല്‍ ഒടുവില്‍ ഒരു സീറ്റുപോലും നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞ് സിപിഎം ഗൗരിയമ്മയെയും ജെഎസ്എസ്സിനെയും കബളിപ്പിക്കുകയായിരുന്നു. തന്റെ കടുത്ത പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം അറിയിക്കുമെന്ന് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top