മുംബൈ: പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം രാജ്യത്തെ 2.4 ലക്ഷം എടിഎമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍. നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എ.ടി.എം പുനഃക്രമീകരണത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പ്രഖ്യാപിച്ചത്. നിലവിലുള്ള 100 രൂപ നോട്ടുകള്‍ തുടരുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. അടുത്തിടെ പുറത്തിറക്കിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും മുമ്പാണ് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകളാണ് പുനഃക്രമീകരിക്കേണ്ടതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി ഡയറക്ടര്‍ വി ബാലസുബ്രഹ്മണ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടിയിലേറെ രൂപ ചിലവാക്കേണ്ടിവരുമെന്ന് ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ ലോണി ആന്റണി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളും റീകാലിബറേററ്റ് ചെയ്യാന്‍ 12 മാസമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള നൂറുരൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ സരസ്വതി നദീതിരത്തുള്ള യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ഈലേഖനം ചെയ്തതാവും നോട്ടുകള്‍. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



