കൊച്ചി:അടുത്ത കോവിഡ് വകഭേദം കൂടുതൽ മാരകമാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് . ഒമിക്രോണിനേക്കാൾ കൂടുതൽ വ്യാപനശേഷിയും മാരകമാകാനുമുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതികവിഭാഗം തലവൻ ഡോ. മരിയ വാൻ കെർഖോവ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഭാവിയിൽ ഉണ്ടാവാൻ പോകുന്ന കോവിഡ് വകഭേദം ഒമിക്രോണിനേക്കാൾ മാരകമാകാൻ സാധ്യത കൂടുതലാണ്. അടുത്ത വകഭേദം നിലവിൽ ആർജിച്ച രോഗപ്രതിരോധശേഷിയെ മറികടന്നു എന്നുവരാം.
വാക്സിനുകൾ അത്ര ഫലപ്രദമായെന്ന് വരില്ല. എന്നാൽ രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും തടയാൻ വാക്സിനുകൾക്ക് സാധിച്ചേക്കാം. അതിനാൽ വാക്സിനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക് മരിയ വാൻ കെർഖോവ് ഊന്നൽ നൽകി. ഭാവിയിൽ ഉണ്ടാവാൻ പോകുന്ന വകഭേദങ്ങൾ മാരകമാകാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.