തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങി. തലശേരിയിലെ അറസ്റ്റുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ അതിശയോക്തിയും നിരുത്തരവാദപരവുമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പൊലീസ് വീഴ്ച വരുത്തിയെന്നും മജിസ്ട്രേറ്റ് ജാമ്യാപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കെസി ജോസഫ് സഭയില്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങളിലെ സംഭവങ്ങള്‍ ആശങ്കാജനകമാണെന്നും ഇതില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും വ്യക്തമാക്കി ബിജെപി എംഎഎ ഒ രാജഗോപാലും സഭ വിട്ടിറങ്ങി.
സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനുളള ഗൗരവം സംവത്തിനില്ലെന്നും പ്രതിപക്ഷം പ്രശ്നമുയര്‍ത്തിയത് രാഷ്ട്രീയപരമായിട്ടാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ കീഴില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടേണ്ടി വരില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പൊലീസ് കേസെടുത്തപ്പോള്‍ യുവതികള്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ കൂടെ കുഞ്ഞുണ്ടായിരിന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയെ നീലക്കുറുക്കന്‍ എന്നു വിളിച്ച് ആക്ഷേപിച്ച വ്യക്തിയാണ് കെസി ജോസഫെന്നും കോടതിയെ വിമര്‍ശിക്കുന്ന കെസി ജോസഫ് മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും തലശേരി അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം സ്വയം പിന്‍വലിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തു നിന്ന് കെ സി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ദളിത് സമൂഹത്തിനിടയിലും പൊതു സമൂഹത്തിനിടയിലും സംഭവം ആശങ്കയുണ്ടാക്കിയെന്നും ജാമ്യമെടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് യുവതികള്‍ ജയിലില്‍ പോകേണ്ടി വന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ തുല്യനീതിയെന്നെത് വാക്കില്‍ മാത്രം ഒതുങ്ങിയെന്നും മുഖ്യമന്ത്രിയുടേതു തന്നെ സ്വന്തം ജില്ലയിലുണ്ടായ സംഭവത്തില്‍ മറുപടി പറയുന്നതിനു പകരം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും തുടര്‍ന്നുണ്ടായ പരാമര്‍ശങ്ങളെല്ലാം നിര്‍ഭാഗ്യകരമാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലെല്ലാം സിപിഐഎം നേതാക്കള്‍ ദലിത് യുവതികള്‍ക്കെതിരെ മോശം പരാമര്‍ശമാണ് ഉന്നയിച്ചതെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.