തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. മന്ത്രി മണി നടത്തിയ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയതിന് ശേഷമാണ് ബഹളം ആരംഭിച്ചത്.
ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് കേള്‍ക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്നവാശ്യപ്പെട്ടു. എന്നാല്‍ ഇതിന് സ്പീക്കര്‍ സമ്മതിച്ചില്ല. ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.