തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസ്. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 153 എ (1) (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഒരു മുന്‍ ഡിജിപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത് ആദ്യമാണ്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാറിന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗമാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഡി.ജി.പി കേസെടുക്കാവുന്ന കുറ്റങ്ങളാണ് സെന്‍കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാരികയുടെ പ്രസാധകനെയും സെന്‍കുമാറിനെയും പ്രതിചേര്‍ത്ത് കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.
പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.
മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം. സര്‍വീസില്‍നിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.
ഭീകര സംഘടനയായ ഐഎസും (ഇസ്‌ലാമിക് സ്റ്റേറ്റ്) ആര്‍എസ്എസും രണ്ടാണെന്ന് സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും സംസ്ഥാനത്ത് മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്നുമാണ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്.
ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ വെന്നും അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വാരികയോട് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു. മതതീവ്രവാദവും ഇടതുപക്ഷതീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മതതീവ്രവാദം നേരിടാന്‍ സമുദായത്തിന്റെ അകത്ത് നിന്ന് തന്നെ പിന്തുണ വേണം. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു