ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു;വിശദീകരണവുമായി തരൂര്‍

കൊച്ചി : പ്രധാനമന്ത്രി മോദിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു.താൻ ബിജപിയിലേക്ക് ഇല്ലെന്നും ഡോക്ടർ ശശി തരൂർ എം പി.കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു.

ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ലിത്. ഇത് ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്, തരൂര്‍ കൂട്ടിച്ചേർത്തു.

ഓപ്പറേഷന്‍ സിന്ദൂറിന് വിജയകരമായി നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എം പി എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരുന്നു. ദി ഹിന്ദുവില്‍ തരൂര്‍ എഴുതിയ ‘Lessons from Operation Sindoor’s global outreach’ എന്ന പേരിലുളള ലേഖനത്തിലാണ് മോദിയെ തരൂര്‍ പുകഴ്ത്തുന്നത്. തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് പുതിയ സംഭവവികാസം. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നു ആ ലേഖനം. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്ത് പോയ നയതന്ത്രപ്രതിനിധി സംഘത്തിന്റെ വിജയം മാത്രമാണ് ലേഖനത്തില്‍ എടുത്തുകാട്ടിയത്. ‘ ലേഖനം ഞാന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് ചാടുന്നു എന്നതിന്റെ സൂചനയല്ല. ദൗര്‍ഭാഗ്യവശാല്‍ ചില ആളുകള്‍ അങ്ങനെയാണ് വ്യാഖ്യാനിച്ചത്. അത് ദേശീയ ഐക്യത്തിന്റെയും ദേശീയ താല്‍പര്യത്തിന്റെയും പ്രസ്താവനയാണ്’- തിരുവനന്തപുരം എം പി പറഞ്ഞു.

ഇന്ത്യയെ സേവിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആ ദൗത്യം ഏറ്റെടുത്തത്. അത്തരമൊരു അവസരം കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. രാഷ്ട്രീയ ഭിന്നതകള്‍ അതിര്‍ത്തിയില്‍ വച്ച് അവസാനിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയവും ഇന്ത്യന്‍ താല്‍പര്യവും മാത്രമേ ഉള്ളു- തരൂര്‍ പറഞ്ഞു. മറ്റേതു പ്രധാനമന്ത്രിയേക്കാളും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുളള നേതാവാണ് മോദി. അതുകൊണ്ട് ഇന്ത്യയുടെ സന്ദേശം ലോകമെമ്പാടും എത്തിക്കുകയായിരുന്നു എന്റെ ദൗത്യം-തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ വാഴ്ത്തിയുളള തരൂരിന്റെ തുടര്‍പ്രസ്താവനകള്‍ക്ക് എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ജയത്തോടെ കോണ്‍ഗ്രസ് തിളങ്ങി നില്‍ക്കുമ്പോള്‍, ചര്‍ച്ചയാകുന്നത് പ്രചാരണത്തിലെ തരൂരിന്റെ അസാന്നിധ്യമാണ്. തന്നെ ആരും ക്ഷണിച്ചില്ലെന്ന് തരൂര്‍ പറഞ്ഞപ്പോള്‍, ക്ഷണിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനായി യുഎസ്, ബ്രസീല്‍, പനാമ അടക്കമുളള 5 രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തലവനായ തരൂരിന്റെ മോദിയെ പ്രശംസിച്ചുള്ള പ്രസ്താവനകള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടിന് സൂപ്പര്‍ വക്താവായി ചമയുകയാണ് തരുരെന്നും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം മാത്രമാണെന്ന്് പറഞ്ഞ് പാര്‍ട്ടിക്കുളളിലെ സംഘര്‍ഷത്തെ തരൂര്‍ ലഘുകരിക്കുന്നു. കഴിഞ്ഞ 16 വര്‍ഷമായി പാര്‍ട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും കൂറുപുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രം നിയോഗിച്ച വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായെങ്കിലും താനിപ്പോഴും പ്രതിപക്ഷ പാര്‍ട്ടി അംഗമായി തുടരുന്നുവെന്നും ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്നതിനായിരുന്നു ശ്രദ്ധ ഊന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി അടക്കം ഹൈക്കമാന്‍ഡ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയെങ്കിലും തരൂരിന്റെ പാര്‍ട്ടിയിലെ ഭാവി പരിപാടികളില്‍ വ്യക്തതയായില്ല.

Top