ജയപ്രകാശ് നായർ
ന്യൂയോർക്ക്: ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ഉപനിഷത് ഗംഗ എന്ന കഠോപനിഷത് സപ്താഹം സെപ്തംബർ 17 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ സ്വാമി ഉദിത് ചൈതന്യജിയുടെ കാർമ്മികത്വത്തിൽ ഗംഭീരമായ തുടക്കം കുറിച്ചു. താലപ്പൊലിയുടെയും നാമജപത്തിന്റെയും അകമ്പടിയോടെ സ്വാമിജിയെ വേദിയിലേക്ക് ആനയിച്ചു. ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച പ്രാർത്ഥനാ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. ബാഹുലേയൻ രാഘവൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
ശ്രീനാരായണ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിനു വേണ്ടി ഡോ. പ്രഭാ കൃഷ്ണൻ, നായർ ബനവലന്റ് അസോസിയേഷൻ വിമൻസ് ഫോറം ചെയർപെഴ്സൺ ചിത്രജാ മോഹൻ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, എൻ.ബി.എ. പ്രസിഡന്റ് ശോഭാ കറുവക്കാട്ട് എന്നിവർ സപ്താഹത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
സ്വാമി ഉദിത് ചൈതന്യജി, ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രസ്റ്റീമാരായ രാം പോറ്റി, ഡോ. നിഷാ പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഡോ. സ്മിതാ പിള്ള സ്വാമിജിയെ സദസ്സിന് പരിചയപ്പെടുത്തി. ഉപനിഷത്തുകളെക്കുറിച്ചും സത്സംഗങ്ങളുടെ ആവശ്യകതയെക്കുറിച്ചും സ്വാമിജി വിശദമായി സംസാരിക്കുകയുണ്ടായി.
സുപ്രസിദ്ധ ഗായിക അനിത കൃഷ്ണൻ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. പിന്നണിയിൽ വയലിനിൽ കൃപാ ശേഖറും മൃദംഗത്തിൽ ശ്രീനാഥ് വിശ്വനാഥും അകമ്പടി സേവിച്ചു. തുടർന്ന് മയൂരാ സ്കൂൾ ഓഫ് ആർട്സിലെ ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തിൽ നൃത്ത നൃത്യങ്ങൾ അരങ്ങേറി.
ഡോ. ഉണ്ണികൃഷ്ണൻ തമ്പിയുടെ നന്ദിപ്രകടനത്തോടെയും പ്രസാദ വിതരണത്തോടെയും ആദ്യ ദിവസത്തെ പരിപാടികൾ അവസാനിച്ചു. താമര രാജീവ് എം.സി.യായി പ്രവർത്തിച്ചു.


