മോഡി സർക്കാർ പ്രവാസികളോടുള്ള ശത്രുത അവസാനിപ്പിക്കണം : ദമ്മാം ഒ ഐ സി സി

ദമ്മാം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന നിർദ്ദേശങ്ങളിലൂടെ മോഡി സർക്കാർ പ്രവാസികളോട് കാണിക്കുന്ന ശത്രുതാ മനോഭാവം തുടരുകയാണ്. വിദേശ രാജ്യങ്ങളിൽ വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ സ്വദേശി വൽക്കരണം മൂലം രൂക്ഷമായ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ, വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സബജറ്റ് നിർദ്ദേശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.


വർഷത്തിൽ 120 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചാൽ എൻ ആർ ഐ യായി കണക്കാക്കില്ലെന്ന ബജറ്റ് നിർദ്ദേശവും പ്രവാസികൾക്കുള്ള ഇരുട്ടടിയാണ്. മൂന്നും നാലും വർഷങ്ങൾ തുടർച്ചയായി വിദേശ രാജ്യങ്ങളിൽ ജോലിയെടുത്തതിന് ശേഷം ആറുമാസം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നാട്ടിലേക്ക് വരുന്ന സാധാരണക്കാരെയും, ചികിത്സാർത്ഥം നാട്ടിൽ കൂടുതൽ ദിവസം കഴിയേണ്ടിവരുന്ന പ്രവാസികളെയുമൊക്കെ ഗുരുതരമായി ബാധിക്കുന്ന നിർദ്ദേശങ്ങളാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലൂടെ മോഡി സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. നാളിതുവരെ പ്രവാസികൾക്കുണ്ടായിരുന്ന അവകാശങ്ങളെയും സൗകര്യങ്ങളെയും ഒന്നൊന്നായി വെട്ടിക്കുറക്കുന്ന സമീപനമാണ് മോഡി സർക്കാരിൻറെത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ പ്രവാസികളോടുള്ള അവഗണന തുടങ്ങിയതാണ്. യു പി എ സർക്കാർ രൂപീകരിച്ച പ്രവാസികാര്യ വകുപ്പ് ഇല്ലാതാക്കിയ ബി ജെ പി ഗവൺമെൻറ് നിയമപരമായും സാമ്പത്തികപരമായും പ്രവാസികളെ അടിച്ചൊതുക്കുന്ന സമീപനമാണ് നാളിതുവരെ തുടരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരയക്കുന്ന വിദേശനാണ്യമാണ്‌ സാമ്പത്തിക രംഗത്ത് തകർന്നടിയുന്ന രാജ്യത്തിൻറെ സമ്പത്ഘടന അല്പമെങ്കിലും താങ്ങി നിറുത്തുന്നതെന്ന യാഥാർഥ്യം വിസ്മരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവാസികളോടുള്ള ക്രൂരത തുടരുന്നത്.

ഒന്നാം മോഡി സർക്കാർ പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയപ്പോൾ ഒ ഐ സി സി യുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും ജന്ദർമന്ദറിൽ ധർണ്ണയും സംഘടിപ്പിച്ചിരുന്നു. തുടർച്ചയായ പ്രവാസി വിരുദ്ധ നയങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, ഡൽഹിയിൽ വീണ്ടും ശക്തമായ സമരപരിപാടികൾ ഒ ഐ സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വ്യക്തമാക്കി.

Top