ഇന്ത്യക്കാർക്കായി ലൈഫ് ഇൻഷുറൻസ് പദ്ധതി…പോളിസി കവറേജ് വിവരങ്ങൾ

ദോഹ : ഖത്തറിലെ 7 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറ ത്തിന്റെ (ഐസിബിഎഫ്) പുതുവത്സര സമ്മാനമായി ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി. ദമാന്‍ (ഭീമ) ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2 വര്‍ഷത്തേക്ക് ഒറ്റത്തവണ കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ ഒരു ലക്ഷം റിയാലിന്റെ വ്യക്തിഗത ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതാണു പ്രധാന നേട്ടം.

മറ്റ് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്കും ഐസിബിഎഫിന്റെ പദ്ധതിയില്‍ ചേരാമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങാകാനാണ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന വിഭാഗം മേധാവി ജൂട്ടാസ്‌പോളിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐസിബിഎഫ് ഭാരവാഹികളായ മഹേഷ് ഗൗഡ, അവിനാശ് ഗെയ്കവാദ്, ജൂട്ട്ാസ് പോള്‍, ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സിഒഒ ഹരികൃഷ്ണന്‍, സബ്കമ്മിറ്റി അംഗങ്ങളായ സാമുഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ റൗഊഫ് കൊണ്ടോട്ടി, ജെറി ബാബു എന്നിവരും പങ്കെടുത്തു. സ്വയം സംരക്ഷിക്കപ്പെടുന്നതിനൊപ്പം കുടുംബത്തേയും സംരക്ഷിക്കാൻ ഇൻഷുറൻസ് പദ്ധതിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.

18 വയസ്സ് പൂര്‍ത്തിയായ ഖത്തര്‍ താമസാനുമതി (റസിഡന്റ് പെര്‍മിറ്റ്)രേഖയുള്ള ഇന്ത്യക്കാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. പരമാവധി പ്രായം 65 വയസ്സ്.ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണെങ്കിലും വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് ലഭിക്കുക. 2 വര്‍ഷമാണ് പോളിസിയുടെ കാലാവധി. ഒറ്റത്തവണ 125 റിയാല്‍ അടച്ചാല്‍ മതി. കാലാവധി തീയതിക്കുള്ളില്‍ അപകടമോ മരണമോ വൈകല്യങ്ങളോ സംഭവിച്ചാല്‍ ആ വ്യക്തിയുടെ കുടുംബത്തിന് 1,00,000 റിയാല്‍ ആണ് പോളിസി തുകയായി ലഭിക്കുന്നത്. നിലവിലെ വിനിമയ നിരക്ക് പ്രകാരം 19,35,000 ഇന്ത്യന്‍ രൂപ വരുമിത്.

സ്വാഭാവിക മരണം, രോഗം, അപകടങ്ങള്‍ ഉള്‍പ്പെടെ ഏത് കാരണങ്ങള്‍ കൊണ്ടുള്ള മരണമായാലും അംഗത്തിന്റെ നോമിനിക്ക് നൂറ് ശതമാനം പോളിസി തുകയും ലഭിക്കും. സ്ഥിരമായിട്ടുള്ളതും പൂര്‍ണമായതുമായ അംഗവൈകല്യം (പെർമനന്റ് ടോട്ടല്‍ ഡിസ്എബിള്‍മെന്റ്) സംഭവിച്ചാലും നൂറ് ശതമാനം പോളിസി തുകയും ലഭിക്കും. സ്ഥിരമായതും ഭാഗികമായുള്ളതുമായ അംഗവൈകല്യം (പെര്‍മനന്റ് പാര്‍ഷ്യല്‍ ഡിസ്എബിള്‍മെന്റ്) സംഭവിച്ചാല്‍ വൈകല്യത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കി മൊത്തം പോളിസി തുകയുടെ നിശ്ചിത ശതമാനം തുകയും ലഭിക്കും.ലോകത്ത് എവിടെവെച്ച‌് അപകടമോ മരണമോ സംഭവിച്ചാലും നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ വെച്ചാണ് അംഗം മരണപ്പെടുന്നതെങ്കില്‍ അവിടുത്തെ പ്രാദേശിക അതോറിറ്റിയുടെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അറ്റസ്റ്റ് ചെയ്ത് ഹാജരാക്കിയാല്‍ മതി.

മരണം അല്ലെങ്കില്‍ അപകടം സംഭവിച്ച വിവരം ഐസിബിഎഫിനെ അറിയിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ പരമാവധി ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും.അപേക്ഷയ്ക്കൊപ്പം ഖത്തര്‍ ഐഡി, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പദ്ധതിയില്‍ അംഗമാകാന്‍ വൈദ്യ പരിശോധന ആവശ്യമില്ല. നിലവില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. നോമിനിയായി നല്‍കുന്ന വ്യക്തിക്കാണ് പോളിസി തുക ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ തുക നല്‍കി പോളിസി പുതുക്കാം.പദ്ധതിയില്‍ അംഗമാകാനുള്ള അപേക്ഷ ഫോറം തുമാമയില്‍ തൈസീര്‍ പെട്രോള്‍ പമ്പിന് പിറകില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (ഐഐസിസി) പ്രവര്‍ത്തിക്കുന്ന ഐസിബിഎഫിന്റെ ഓഫിസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സബ്കമ്മിറ്റി മേധാവിയായ ജൂട്ടാസ് പോളുമായി ബന്ധപ്പെടാം. ഇ–മെയിൽ: [email protected], ഫോൺ: 55745265. ഐസിബിഎഫ് ഫോൺ: 44 67 0060, 77981614, ഇ–മെയിൽ‍- [email protected]

Top