റിയാദ്: കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷന്‍ വെറും പൊള്ളയാണോ? ഒരുലക്ഷത്തിലധികം പേര്‍ ഇന്ത്യയിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇതുവരെ സൗദിയില്‍ നിന്ന് മടങ്ങിയത് 9000 പേര്‍ മാത്രം. നാട്ടിലേക്ക് മടങ്ങാന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്തത് കൂടുതലും മലയാളികളാണ്. എന്നാല്‍ രാജ്യത്തേക്ക് മൊത്തമായി വന്നത് വെറും 9247 പേരാണ്. കഴിഞ്ഞ മാസം ആദ്യത്തില്‍ തുടങ്ങിയ ദൗത്യം ഒരുമാസം പിന്നിട്ടിട്ടും ഇത്രയും പേരെ മാത്രമേ നാട്ടിലെത്തിക്കാനായുള്ളൂ. അതിനിടെ, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഇനി യാത്രതിരിക്കാന്‍ സാധിക്കൂ.
ഗള്‍ഫില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ കൊറോണ വൈറസ് പരിശോധന നടത്തണം. ഇക്കാര്യം നിര്‍ബന്ധമാണ്. കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കൂ. അല്ലാത്ത മലയാളികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല. കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് നിര്‍ബന്ധം. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അവരെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ എംബസി സൂചിപ്പിച്ചു.
സ്വന്തമായി പണം ചെലവഴിച്ച് ടിക്കറ്റ് എടുത്തു വേണം പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍. ഇപ്പോള്‍ മലയാളികള്‍ക്ക് കൊറോണ പരിശോധനയും നടത്തണം. ഇതോടെ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് ഇരട്ടി ചെലവാണ്്. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലുള്ള പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം. അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് സൗദിയില്‍ നിന്ന് വന്ന പ്രവാസികള്‍ പതിനായിരത്തില്‍ താഴെയാണെന്ന വിവരവും പുറത്തുവന്നു. ഇതുവരെ 9247 പേരാണ് രാജ്യത്തെത്തിയത്. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 110000 പേരാണ്.