പ്രവാസികളുടെ വരവിനെ തടയുന്ന മുഖ്യമന്ത്രിയെ പ്രവാസി കുടുംബങ്ങൾക്ക് വഴിയിൽ തടയേണ്ടി വരും: ദമ്മാം ഒ ഐ സി സി

ദമ്മാം: കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ നാട് പിടിക്കാൻ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മടങ്ങി വരവിനെ പുതിയ നിബന്ധനകൾ കൊണ്ടുവന്ന് തടയിടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും പ്രവാസികളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി കുറ്റപ്പെടുത്തി. എന്ത് വിലകൊടുത്തും പ്രവാസികളുടെ യാത്ര മുടക്കുമെന്ന ദൃഢ പ്രതിജ്ഞയോടെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും പ്രവാസികളോട് കാണിക്കുന്ന ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവിന് തുടർച്ചയായി ഇടങ്കോലിടുന്ന മഖ്യമന്ത്രിയെ വേണ്ടിവന്നാൽ പ്രവാസികളുടെ കുടുംബങ്ങൾക്ക് വഴിയിൽ തടയേണ്ടി വരുമെന്നും ദമ്മാം ഒ ഐ സി സി മുന്നറിയിപ്പ് നൽകി.

ജൂൺ ഇരുപതാം തിയതി മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകണമെങ്കിൽ യാത്ര പുറപ്പെടുന്നതിന് തോട്ടമുമ്പുള്ള 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്കുകയുള്ളൂവെന്ന് ഇന്ത്യൻ എംബസ്സി ഔദ്യോഗികമായി വ്യക്തമാക്കിയതോടെ പിണറായി വിജയൻ പ്രവാസികൾക്കെതിരെ നടത്തിയ നീക്കം വിജയിച്ചിരിക്കുകയാണ്. അസുഖ ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് തന്നെ യഥാസമയം ടെസ്റ്റുകൾ നടത്താൻ പ്രയാസം നേരിടുമ്പോൾ, അസുഖ ലക്ഷണങ്ങൾ ആളുകൾക്ക് ടെസ്റ്റ് നടത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നടക്കുകയില്ല. അതുപോലെ, ടെസ്റ്റ് നടത്തുന്നതിന് ആയിരത്തി അഞ്ഞൂറ് റിയാലിലധികം നൽകേണ്ടിവരികയെന്നതും മാസങ്ങളായി ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടി നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കുവാനെ ഉപകരിക്കൂ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും പ്രവാസികൾക്കെതിരെ തുടർച്ചയായി ഇത്തരം തീരുമാനങ്ങളെടുത്ത് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നത് കൊടും ക്രൂരതയാണെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസി മലയാളികളെ സ്വീകരിക്കാൻ രണ്ടര ലക്ഷം ബെഡുകളും മറ്റ് സൗകര്യങ്ങളൊക്കെ ഒരുക്കി സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏതാനും ആയിരങ്ങൾ മാത്രമെത്തിയപ്പോൾ തന്നെ ക്വാറണ്ടൈനുള്ള ചെലവ് സ്വന്തമായി വഹിക്കണമെന്ന് തിട്ടൂരമിട്ടതിനെതിരെ പ്രവാസികളിൽ നിന്ന് വ്യാപക പ്രതിഷേധമുണ്ടായപ്പോൾ സർക്കാരിന് തീരുമാനം മാറ്റേണ്ടി വരികയും, അർഹരായ പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യ ക്വാറണ്ടൈൻ നൽകാമെന്ന് മനസ്സില്ലാ മനസ്സോടെ ഒഴുക്കൻ മട്ടിൽ പറഞ്ഞ് പ്രവാസി പ്രതിഷേധം സർക്കാർ തണുപ്പിക്കുകയായിരുന്നു. പിന്നീട്, സംഘടനകളും സ്വകാര്യ വ്യക്തികളും ചാർട്ടേർഡ് വിമാനങ്ങൾക്കുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടന്നറിഞ്ഞപ്പോൾ, ടിക്കറ്റ് നിരക്കിൻറെ പേര് പറഞ്ഞ് അതിനെതിരെയും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതൊക്കെ തന്നെ പ്രവാസികൾ നാട്ടിലേക്ക് പോകാതിരിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളായിരുന്നു.

കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നതോടെ ഗൾഫ് നാടുകളിൽ മാനസിക സംഘർഷം മൂലം മരണപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുവാൻ പോവുകയാണ്. ഈ മരണങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും മാത്രമായിരിക്കുമെന്ന് പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും പറഞ്ഞു.

മാനസിക സംഘർഷവും ഭയവും കാരണം നിരവധി പേരാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ദിവസവും മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് പിടിപെട്ട് താൻ മരണപ്പെട്ടുപോയാൽ തൻറെ മക്കളെയും കുടുംബത്തിനെയും ആര് സംരക്ഷിക്കുമെന്ന ആകുലതയിലാണ് പല പ്രവാസികളുടെയും താളം തെറ്റുന്നത്. കോവിഡ് ബാധിതരാല്ലാത്തവരുടെ മരണങ്ങളാണ് ഇപ്പോൾ കൂടുതലായി സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സൗദി അറേബ്യയിൽ മരണപ്പെടുന്ന പ്രവാസികളിലേറെയും മുപ്പതിനും നാൽപ്പത്തിയഞ്ചിനുമിടയിൽ പ്രായമുള്ളരാണെന്നത് സാഹചര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നതായി ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Top