അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ:ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അയർലണ്ടിലെ ആശുപത്രികളിൽ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള എച്ച്.എസ്.ഇയുടെ നീക്കം ഫലം കണ്ടില്ല എന്ന് റിപ്പോർട്ട്. ശമ്പളക്കുറവ്, ജോലിഭാരം എന്നിങ്ങനെ നഴ്‌സിങ് മേഖല പ്രശ്‌നങ്ങൾ ബാധിച്ചിരിക്കെ ഇതിനെ മറികടന്ന് നഴ്‌സുമാരുടെ അഭാവം നികത്താനുള്ള ശ്രമങ്ങളും വേണ്ട രീതിയിൽ ഫലം കണ്ടില്ല എന്നാണ് റിപ്പോർട്ട്.
2006ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യു.എച്ച്.ഒ) കണക്കുപ്രകാരം ലോകത്താകെ 4.3 മില്ല്യൺ നഴ്‌സുമാരുടെ കുറവുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ ഇത് 20% ആയി വർദ്ധിക്കുമെന്നും റിപ്പോർട്ട് അന്ന് വ്യക്തമാക്കിയിരുന്നു.
ആവശ്യത്തിന് നഴ്‌സുമാർ ഇല്ലാത്തുമൂലം അയർലണ്ടിലെ ആശുപത്രികളിൽ രോഗികൾക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ല എന്ന വിമർശനം ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഇതിനിടെ ആനുകൂല്യങ്ങൾ കുറച്ചതും, ജോലിസമയം വർദ്ധിപ്പിച്ചതുമടക്കം നിരവധി കാരണങ്ങൾ ഇവിടുത്തെ നഴ്‌സുമാരെ മറ്റ് രാജ്യങ്ങളിലേയ്ക്ക് ജോലി തേടിപ്പോകാൻ നിർബന്ധിതരാക്കുകയും ചെയ്തു.
ഡിഗ്രി കഴിഞ്ഞ് പുറത്തുവരുന്ന ട്രെയ്‌നി നഴ്‌സുമാർക്ക് ഉടൻ ജോലി ലഭ്യമാക്കുമെന്ന് എച്ച്.എസ്.ഇ ഈയിടെ വ്യക്തമാക്കിയിരുന്നു. കൂടുതൽ ബ്രിട്ടിഷ് നഴ്‌സുമാരെ ഇവിടേയ്ക്ക് ആകർഷിക്കാനായി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതിയും പക്ഷേ ഫലം കണ്ടില്ല. ഇന്ത്യ, ഫിലിപ്പൈൻസ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് നഴ്‌സുമാരെ അയർലണ്ടിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ഇതിനിടെ നടന്നുവരുന്നുണ്ട്.
സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനെത്തുടർന്ന് 2002ൽ നാലു വർഷ ഹോണേഴ്‌സ് നഴ്‌സിങ് ഡിഗ്രി പ്രോഗ്രാം അയർലണ്ടിൽ ആരംഭിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ സംരംഭവും പരാജയമായി.


