റോം :സീറോ മലബാർ സഭക്ക് പുതിയ രൂപത വരുന്നു റോം കേന്ദ്രമായി അയർലണ്ട് ഉൾപ്പെടുന്ന സീറോമലബാർ രൂപതക്കാണ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത് .പുതിയ രൂപതയുടേയും രൂപത അധ്യക്ഷന്റെയും പ്രഖ്യാപനവും പുതിയ ബിഷപ്പ് നിയമനവും ഉടനുണ്ടാകും. ഇപ്പോൾ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ആയി സേവനം ചെയ്യുന്ന ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനായിരുന്നു സ്വാഭാവികമായി അധികാരമുള്ള ബിഷപ്പായി സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത് .എന്നാൽ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ആയിരിക്കില്ല പുതിയ റോം രൂപതയുടെ ബിഷപ്പാവുക . പകരം മറ്റൊരു ബിഷപ്പിനാകും റോം സീറോമലബാർ രൂപതയുടെ അധികാരം നൽകുക .
ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനെ മറ്റൊരു സ്ഥാനം നൽകി മാറ്റിയിരുന്നു .എന്നാൽ സ്ഥാനമാറ്റം അറിഞ്ഞയുടൻ ബിഷപ്പ് ചിറപ്പണത്തിന് പെട്ടന്നുണ്ടായ അസുഖം മൂലം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പുതിയ അധികാരിക്ക് സ്ഥാനം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കയാണ് .അധികാര കൈമാറ്റം നടക്കാത്തതിനാൽ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് റോമിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് രൂപതയുടെ പ്രഖ്യാപനം വൈകുന്നത് .അയർലണ്ട് , ജർമനി , ഓസ്ട്രിയ ,അടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളും റോം സീറോ മലബാർ സഭ രൂപതയുടെ അധികാര പരിധിയിൽ വരും .
റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക ആയിരിക്കും സീറോ മലബാർ രൂപത കേന്ദ്രമെന്നാണ് സൂചന .2020 ൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിലൊന്നായ റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക, പരിശുദ്ധ പിതാവ് ഫ്രാൻസിസ് സീറോ-മലബാർ സഭയ്ക്ക് നൽകിയിരുന്നു. കേരളം ആസ്ഥാനമായുള്ള ഇന്ത്യയിലെ സീറോ-മലബാർ സഭയ്ക്ക് ഇത് ഒരു സുപ്രധാന നേട്ടമായിരുന്നു.
2020 ജൂലൈ 8 ന്, റോം രൂപതയിലെ പരിശുദ്ധ പിതാവ് ഫ്രാൻസിസിന്റെ വികാരി ജനറലായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ്,ആയിരുന്നു ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിലൊന്നും ഏറ്റവും പഴക്കം ചെന്ന മൈനർ ബസിലിക്കകളിൽ ഒന്നുമായ റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്കയെ സീറോ-മലബാർ സഭയ്ക്ക് നൽകിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താൽപ്പര്യമാണ് ഇത് സാധ്യമാക്കിയത്. ഇതോടെ, റോമിലും പരിസരത്തും താമസിക്കുന്ന ഏകദേശം 8,000 സീറോ-മലബാർ കത്തോലിക്കരുടെ അജപാലന പരിപാലന കേന്ദ്രമായി സാന്താ അനസ്താസിയ മൈനർ ബസിലിക്ക മാറിയിരുന്നു .
യൂറോപ്പിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യമായ അയർലന്റിന് റോം കേന്ദ്രമായി രൂപത വരുന്നത് വലിയൊരു തിരിച്ചടിയാണ്. യൂറോപ്പിൽ ഏറ്റവും അധികം സീറോമലബാർ വിശ്വാസികൾ ഉള്ള അയർലന്റിനെ രൂപത ആയി ഉയർത്താൻ തീരുമാനം ഉണ്ടായിരുന്നു.അതിനുള്ള നടപടി ക്രമങ്ങൾ നടത്താനും നിർദേശം ഉണ്ടായിരുന്നു .എന്നാൽ രൂപതക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ അയർലണ്ടിൽ ക്രമീകരിച്ചില്ല എന്നതാണ് വിനയായത് .
25 വർഷമായി സീറോ മലബാർ സഭ കമ്മ്യൂണിറ്റി ഉണ്ടായിട്ടും ആയിരക്കണക്കിന് വിശ്വാസികളും ഏകദേശം 20 ൽ അധികം വൈദികരും അമ്പതിനടുത്ത് സീറോ മലബാർ ‘കമ്മ്യൂണിറ്റികൾ ‘ഉണ്ടായിട്ടും ഇതുവരെ അടിസ്ഥാന സൗകര്യങ്ങളോ പള്ളിയോ സ്വന്തമാക്കാൻ കഴിയാത്തത് വലിയൊരു കുറവായി .മാറി മാറി വരുന്ന അധികാര സ്ഥാനങ്ങളിൽ ഇരുന്നവർ അടിസ്ഥാന സൗകര്യങ്ങൾക്കായി ശ്രമിച്ചിരുന്നു എങ്കിലും നേതൃത്വം കാര്യമായ പ്രവർത്തങ്ങൾ നടത്തിയില്ല .സഭ കൈവിരലിൽ എണ്ണാവുന്ന ആളുകളുടെ സ്വകാര്യ സ്വത്തായി ഭരിച്ചുകൊണ്ടുപോകുന്നു എന്നാണ് ആരോപണം .വിശ്വാസികൾക്കിടയിൽ ഉയർന്ന വിഭാഗീയതയും വൈദികർ തമ്മിൽ ക്രോഡീകരണം ഇല്ലാത്തതും സഭയുടെ വളർച്ചക്ക് വിഘാതമായി.
കഴിവും പ്രാപ്‌തയും ഉള്ള നേതൃത്വവും സമ്പന്നമായ വിശ്വാസ സമൂഹം ഉണ്ടായിട്ടും അതിനെ മുതലാക്കാൻ ഇവിടെ എത്തിയ വൈദിക നേതൃത്വം തുനിഞ്ഞില്ല എന്നതാണ് സത്യം.അതിനിടെ സഭക്ക് സ്വന്തമായി ഡബ്ലിൻ കേന്ദ്രമായി സഭക്ക് ഭൂമി വാങ്ങാനുള്ള നീക്കം നടത്തിയിരുന്നു. ഭൂമി വാങ്ങുന്നതിനെ ഏറ്റവും അധികം എതിർത്തതും തകർത്തതും എറണാകുളം -അങ്കമാലി ലോബിയെ നയിക്കുന്ന വിമത വൈദികനും -ചങ്ങനാശ്ശേരി വികാരം കത്തിക്കുന്ന യുവ വൈദികനും ആയിരുന്നു.ഈ വൈദികർ അധികാരികളായ ഇടവകയിൽ നെഗറ്റിവ് പ്രചാരണം നടത്തി ഭൂമി വാങ്ങുന്നതിനുള്ള പണം സ്വരൂപിക്കാനുള്ള നീക്കം അട്ടിമറിക്കുകയായിരുന്നു .ഏറ്റവും അധികം നെഗറ്റിവ് പള്ളികളിൽ പറഞ്ഞതും വിമത സ്വരം ഉയർത്തിയത് താനാണ് എന്ന വീമ്പ് പറഞ്ഞു നടക്കുന്നതും വിമത വൈദികൻ ആണുതാനും . ഡബ്ലിനിൽ സഭക്ക് ഭൂമി വാങ്ങി രൂപതാ കേന്ദ്രം ഉണ്ടാക്കുവാൻ കഴിയാത്തതാണ് അയർലണ്ട് കേന്ദ്രമായ രൂപത നഷ്ടമാകാൻ പ്രധാന കാരണം.
അയർലന്റിലെ സീറോ മലബാർ സഭ സമൂഹത്തിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുന്നത് SMC (സീറോ മലബാർ കമ്മ്യൂണിറ്റി )അയർലണ്ട് ആണ്. സോഷ്യൽ മീഡിയായിൽ ശക്തമായ സാന്നിധ്യമായി നിലകൊണ്ട് സഭ നേതൃത്വത്തിന്റെ ട്രാൻസ്പെരൻസി ഇല്ലായ്‌മക്ക് എതിരെ നിലകൊള്ളുന്ന വിമത വിഭാഗം ശക്തി പ്രാപിക്കാൻ കാരണവും സഭ നേതൃത്വത്തിന്റെ വളർച്ചക്ക് തടമായിട്ടുണ്ട് .അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റെങ്കിൽ പ്രതിരോധിക്കാൻ സഭ നേതൃത്വം ഭയന്നോടുന്നത് എന്തിന് എന്നാണ് SMC ഉയർത്തുന്ന ചോദ്യം.ഒരു മേശക്ക് ചുറ്റുമിരുന്നു അവരുടെ ആരോപങ്ങൾ എന്തെന്ന് ചോദിക്കാനും പരിഹരിക്കാനും സഭ വിശ്വാസികളെ ഒന്നിച്ച് കൊണ്ടുപോകുവാനും നേതൃത്വം പരാജയപ്പെട്ടിരിക്കയാണ്.
അയർലണ്ട് രൂപത ആകാതിരിക്കാനുള്ള പ്രധാന കാരണം രൂപത ആകാനുള്ള സൗകര്യങ്ങൾ ഇല്ല എന്നതും വിശ്വാസികൾക്കിടയിൽ ഉയർന്നിരിക്കുന്ന വിഭാഗീയതയും തന്നയാണ് .പരിണിതപ്രജ്ഞനായ നിലവിലെ നാഷണൽ കോർഡിനേറ്റർ സഭക്ക് വളർച്ച ഉണ്ടാകണം എന്നും ഭൂമി വാങ്ങണം എന്നും അതിയായ ആഗ്രഹത്തോടെ പ്രവർത്തിച്ചു .എന്നാൽ അതിനെ വെട്ടിനിരത്തിയത് കൂടെ നിന്നവർ തന്നെ ആയിരുന്നു.
അയർലണ്ട് കേന്ദ്രമായി രൂപത വന്നിരുന്നെങ്കിൽ നിലവിലെ നാഷണൽ കോർഡിനേറ്റർ ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിലോ ,മുൻ നാഷണൽ കോർഡിനേറ്ററായിരുന്ന ഫാ. ക്ലമൻറ് പാടത്തിപറമ്പിലോ അയർലണ്ടിന്റെ പ്രഥമ ബിഷപ്പ് ആകുമായിരുന്നു. ഫാ ജോസഫ് മാത്യു മുൻപേ ഒരു ബിഷപ്പ് കാൻഡിഡേറ്റ് ആയിരുന്നതിനാൽ ബിഷപ്പാകാൻ സാധ്യത കൂടുതലായിരുന്നു.ഫാ ക്ലമന്റിന്റെ വിദ്യാഭാസ യോഗ്യതയും സേവന യോഗ്യതയും ബിഷപ്പ് ആകാനുള്ള സാധ്യയിൽ ഇനിയും പരിഗണിക്കപ്പെടുന്ന വൈദികരിൽ മുമ്പിലാണ്. അതേസമയം ഫാ. ക്ലമൻറ് പാടത്തിപറമ്പിൽ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനൊപ്പമുള്ള റോമിലെ സേവനം മതിയാക്കി കേരളത്തിലേക്ക് തിരിച്ചുപോവുകയാണ് എന്നും സൂചനകളുണ്ട് .പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്നും നാട്ടിലേക്ക് തിരിച്ചുപോകുന്ന ഫാ ക്ലമന്റിന് അദ്ദേഹത്തിന്റെ കഴിവും വിദ്യാഭാസവും അനുഭവസമ്പത്തും പരിഗണിച്ച് ഉയർന്ന സ്ഥാനം ലഭിക്കാനും ഭാവിയിൽ ബിഷപ്പായി സ്ഥാനം നൽകാനും സാധ്യതയുണ്ട്.








