സ്വന്തം ലേഖകൻ
കോട്ടയം: സോളാർ കേസിൽ ക്രിമിനൽ കേസും ബലാത്സംഗക്കേസും രജിസ്റ്റർ ചെയ്തതോടെ നിയമസഭാ അംഗത്വം രാജിവയ്ക്കാനൊരുങ്ങി മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻചാണ്ടി. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർതിയാക്കാനും, സ്വയം രാഷ്ട്രീയ വനവാസത്തിനൊരുങ്ങാനുമാണ് ഉമ്മൻചാണ്ടി തന്ത്രം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി ഹൈക്കമാൻഡിനെ സന്ദർശിച്ച ഉമ്മൻചാണ്ടിയും എ ഗ്രൂപ്പ് നേതാക്കളും രാജികത്ത് കൈമാറിയെന്നാണ് സൂചന.
സോളാർ കേസിൽ സരിത എസ്.നായരുടെ വെളിപ്പെടുത്തുലുകളിലും, സോളാർ കമ്മിഷൻ റിപ്പോർട്ടിലും ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ അടക്കം പരാമർശിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽക്കേസും, അഴിമതിക്കേസും ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതോടെ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള സമരങ്ങളുമായി രംഗത്തിറങ്ങിയ പ്രതിപക്ഷത്തെയും, കോൺഗ്രസിനെയും ഒരു പോലെ സോളാർ കേസ് പ്രതിരോധത്തിലാക്കി.
സോളാറിൽ ഉമ്മൻചാണ്ടിക്കെതിരെ അപ്രതീക്ഷിതമായി ലൈംഗിക ആരോപണം ഉയരുകയും, പീഡന – ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത് കോൺഗ്രസ് നേതൃത്വത്തിനും, ഉമ്മൻചാണ്ടിക്കും അപ്രതീക്ഷിത നീക്കമായിരുന്നു. ഇതോടെയാണ് കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ രാജി എന്ന ഫോർമുല ഉമ്മൻചാണ്ടി മുന്നോട്ട് വച്ചത്. എന്നാൽ, സോളാർ കേസിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പെട്ടതിൽ കടുത്ത അമർഷത്തിലാണ് ഹൈക്കമാൻഡ്. ഇതോടെ ഉമ്മൻചാണ്ടിയുടെ വാദം കേൾക്കാൻ പോലും ഹൈക്കമാൻഡും പ്രത്യേകിച്ചു രാഹുൽ ഗാന്ധിയും തയ്യാറായിട്ടില്ല. ഇതോടെയാണ് ഹൈക്കമാൻഡിന്റെ അനുവാദം പോലുമില്ലാതെ രാജിയിലേയ്ക്കു നീങ്ങാൻ ഉമ്മൻചാണ്ടി തയ്യാറായത്.
സോളാർ കേസിൽ തനിക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതോടെ തനിക്ക് അനുകൂലമായ തരംഗം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഉമ്മൻചാണ്ടി വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചാൽ കോൺഗ്രസിനും, പ്രത്യേകിച്ചു കേരളത്തിലെ യുഡിഎഫിനും രാഷ്ട്രീയമായി ഇത് നേട്ടമുണ്ടാക്കും. ഇതു കൂടാതെ ഇടതു സർക്കാരിനെ പ്രതിരോധത്തിലാക്കാനും ഇതുവഴി സാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടുള്ള അപ്രതീക്ഷിത നീക്കത്തിനാണ് ഉമ്മൻചാണ്ടി തയ്യാറെടുക്കുന്നതെന്നാണ് സൂചന.


