വിഴിഞ്ഞം: ഓഖിയില്‍ അകപ്പെട്ട് കാണാതായ പിതാവിനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആന്റണിയെന്ന 18കാരന്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് ആന്റണിയുടെ പിതാവ് ശിലുവയ്യന്‍ (52) തിരിച്ചെത്തിയത്. ഓഖിയില്‍ കാണാതായവരുടെ പട്ടികയില്‍ ശിലുവയ്യന്‍ കൂടിയുണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന്‍ ആന്റണി പൊലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. മൂന്ന് മാസമായിട്ടും പിതാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിലും ആന്റണി പ്രതീക്ഷ കൈവിട്ടില്ല. ഓട്ടോറിക്ഷയില്‍ നാട്ടിലെത്തുമ്പോള്‍ തന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു ശിലുവയ്യന്‍ ഞെട്ടി. വീട്ടിലേക്ക് കയറിയെത്തുമ്പോള്‍ ശിലുവയ്യനെ കണ്ട മകനും നാട്ടുകാരും ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ഓടിച്ചെന്ന് പിതാവിനെ കെട്ടിപ്പിടിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ വീണ്ടും കടല്‍പണിക്കുതന്നെ ഇറങ്ങണമെന്നാണ് ശിലുവയ്യന്‍ പറയുന്നു. ഓഖി ദുരിതം വിതയ്ക്കും മുന്‍പേ നവംബര്‍ ആദ്യമാണ് അടിമലത്തുറ ജനിഹൗസില്‍ ശിലുവയ്യന്‍ വിഴിഞ്ഞം സ്വദേശികളായ എറ്റി, സ്റ്റാര്‍ലിന്‍, ബനാന്‍സ് എന്നിവര്‍ക്കൊപ്പം കാസര്‍ഗോഡ് മല്‍സ്യബന്ധനത്തിന് പോയത്. ദുരന്തമുണ്ടായ നവംബര്‍ 30ന് കടലില്‍ ശക്തമായ കാറ്റുണ്ടായി. പന്തികേടു തോന്നി വല തിരികെയെടുത്തു കരയ്‌ക്കോടിയെത്തി. വിഴിഞ്ഞം സ്വദേശികളായ സഹതൊഴിലാളികള്‍ക്കു നാട്ടില്‍നിന്ന് അപകടത്തെക്കുറിച്ചു തുരുതുരെ ഫോണ്‍ വന്നുകൊണ്ടിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവരെ കാണാതായ സംഭവമറിഞ്ഞു വിഴിഞ്ഞം സ്വദേശികള്‍ നാട്ടിലേക്കു തിരിച്ചു. ഇവരുടെ മടങ്ങിവരവിനായി കാത്തു ശിലുവയ്യന്‍ കാസര്‍ഗോഡ് തന്നെ തുടര്‍ന്നു. വെറുംകയ്യോടെ നാട്ടിലേക്കു മടങ്ങിയിട്ടു കാര്യമില്ലെന്നു ശിലുവയ്യനറിയാമായിരുന്നു. ഭാര്യ പനിയമ്മയുടെ അകാല വേര്‍പാടിനെത്തുടര്‍ന്ന് ഏകനായ മകന്‍ ആന്റണിയുടെ ഭാവി, കിടപ്പാടത്തിന്റെ പൂര്‍ത്തീകരണം അങ്ങനെ കുറേ ബാധ്യതകളുണ്ട്. ഒടുവില്‍ കാശു കടംവാങ്ങി നാട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു ശിലുവയ്യന്‍ പറഞ്ഞു.


