
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസ് ഇന്ന് നൂറ് കോടി കടന്നു. ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്സിൻ എന്ന ചരിത്രത്തിലേക്ക് കുതിച്ചത്. 2021 ജനുവരി 16 നായിരുന്നു വാക്സിൻ വിതരണം ആരംഭിച്ചത്.ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.
ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.ചരിത്ര നിമിഷത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നൽകിയത്.കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ബേക്കൽ കോട്ടയിലും കണ്ണൂർ കോട്ടയിലും ആഘോഷങ്ങൾ നടക്കും.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വാക്സിൻ വിതരണം നടത്തിയത് ഉത്തർപ്രദേശിലാണ്.