പ്രിയങ്ക ചോപ്രയുടെ വീഡിയോയുടെ പേരില്‍ അസം നിയമസഭയില്‍ തര്‍ക്കം; ടൂറിസം പ്രൊമോഷന് വേണ്ടി നിര്‍മ്മിച്ച വീഡിയോ പാളി

ഗുവാഹത്തി: സുപ്രസിദ്ധ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പേരില്‍ അസം നിയമസഭയില്‍ തര്‍ക്കം. അസം ടൂറിസം വകുപ്പിന് വേണ്ടി പ്രിയങ്ക ചെയ്ത പ്രചരണ വീഡിയോയുടെ പേരിലാണ് സഭയില്‍ വാക്‌പ്പോര് അരങ്ങേറിയത്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു അസം ടൂറിസം ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രിയങ്കയെ തെരഞ്ഞെടുത്തത്. പ്രിയങ്കയുടെ പര്‍പ്പിള്‍ പെപ്പിള്‍ പിക്‌ചേഴ്‌സുമായിട്ടായിരുന്നു ടൂറിസം വകുപ്പ് കരാര്‍ ഒപ്പിട്ടത്.

ഇതിനു പിന്നാലെ ഓസം അസം എന്ന പേരില്‍ ടൂറിസം പ്രൊമോഷന് വേണ്ടി പ്രിയങ്ക വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ സംഗതി പാളി. വിജയക്കുമെന്നു കരുതിയത് വിനയായി. വിപരീതമായ ഫലമായിരുന്നു വീഡിയോ ഉണ്ടാക്കിയത്.
ഇതിനെ ചൊല്ലി നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. നടിയുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

രണ്ട് വര്‍ഷത്തേക്കാണ് താരവുമായി കരാറിലൊപ്പിട്ടതെന്ന് മന്ത്രി അറിയിച്ചെങ്കിലും താരത്തിന്റെ പ്രതിഫലം എത്രയെന്നു പറയാന്‍ ടൂറിസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ കൂട്ടാക്കിയില്ല. കഴിഞ്ഞ വര്‍ഷം മന്ത്രി പറഞ്ഞത് താരം പ്രതിഫലം വാങ്ങാതെയാണ് പ്രചരണത്തിനെത്തുന്നത് എന്നായിരുന്നു.

അതേസമയം, 2.37 കോടി രൂപയാണ് പ്രിയങ്കയുടെ കമ്പനിയ്ക്ക് നല്‍കുന്നതെന്നായിരുന്നു മന്ത്രി സഭയെ അറിയിച്ചത്. ടൂറിസം വകുപ്പ് 42 ലക്ഷം രൂപ പ്രിയങ്കയും സംഘവും ഗുവാഹത്തി സന്ദര്‍ശിക്കുന്നതിനു വേണ്ടി ചെലവഴിച്ചെന്നും അറിയിച്ചു. ഇതും ബഹളത്തിന് കാരണമായി. നേരത്തെ പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്ന് അസം സ്റ്റുഡന്റ്‌സ് അസോസിയേഷനടക്കമുള്ള സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു.

Top