ദേശീയപാത: മുൻഗണനാ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടില്ല :നിതിൻ ഗഡ്‍കരി

ന്യൂഡൽഹി:ദേശീയ പാതാ വികസനത്തിന്‍റെ മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി.കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി. കേരളത്തോടു വിവേചനം കാട്ടിയിട്ടില്ല. ഔദ്യോഗികമായി ഉടൻ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. മറ്റു ജില്ലകളിലെ പാത വികസനം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വർഷത്തേക്കു തുടർനടപടികളൊന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. പഴയ എൻഎച്ച് 17, എൻഎച്ച് 47ന്റെ ഇടപ്പള്ളി മുതൽ തെക്കോട്ടുള്ള ഭാഗം എന്നിവ ചേർന്നുള്ളതാണ് ഇപ്പോഴത്തെ എൻഎച്ച് 66.

അതേസമയം, ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്. ശ്രീധരൻപിള്ളയാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കും വിഷയത്തിൽ ശ്രീധരൻപിള്ളയെ കുറ്റപ്പെടുത്തി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
അതേസമയം ദേശീയ പാതാ വികസനത്തിന്‍റെ കാര്യത്തിൽ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കണ്ണന്താനം പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രി തോമസ് ഐസകും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചു. വിഷയത്തിൽ തെറ്റായകാര്യങ്ങളാണ് ഇരുവരും ഉന്നയിച്ചത്. തോമസ് ഐസകിനെതിരെ നിയമനടപടി സ്വീകരിക്കും. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ ക്രൂശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top