പത്മാവതിയുടെ വയറ് ഗ്രാഫിക്‌സ് ഉപയോഗിച്ച് മറച്ചു; സദാചാര ഇടപെടലുമായി സെന്‍സര്‍ബോര്‍ഡ്; വീണ്ടും വിവാദത്തില്‍ കുരുങ്ങി സിനിമ

വിവാദങ്ങളുടെ വേലിയേറ്റമുണ്ടാക്കിയ പദ്മാവതി റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ റിലീസിന് മുമ്പ് ചിത്രം മറ്റൊരു വിവാദത്തില്‍ കൂടി അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ വിഎഫ്എക്സ് ഉപയോഗിച്ച് ദീപിക പദുക്കോണിന്റെ ‘വയറു മറച്ച’ സെന്‍സര്‍ ബോര്‍ഡിന്റെ സദാചാര നടപടിയാണ് ഇത്തവണ വിവാദമാകുന്നത്. പ്രഖ്യാപിച്ചതു മുതല്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച പദ്മാവതി എന്ന പദ്മാവത്, ജനുവരി 25ന് റിലീസിനു തയ്യാറായിരിക്കെയാണ് പുതിയ വിവാദം.

സിനിമയിലെ ഒരു ഗാനത്തിന്റെ വീഡിയോയിലാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയ ‘സദാചാര കൈകടത്തല്‍’ വ്യക്തമായത്. സാമൂഹിക മാധ്യമങ്ങളാണ് ഈ വ്യത്യാസം കണ്ടെത്തിയത്. ‘ഗൂമര്‍’ എന്ന പാട്ടിലെ വീഡിയോയില്‍ വിഎഫ്എക്സ് ഉപയോഗിച്ച് നായികയായ ദീപിക പദുക്കോണിന്റെ വയറു മറച്ചത് പലരും ശ്രദ്ധിക്കുകയായിരുന്നു. ആദ്യം പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ സാരികള്‍ക്കിടിയിലൂടെ വയറിന്റെ അല്‍പ്പം ഭാഗം കാണാമായിരുന്നു. വിഎഫ്എക്സ് ഉപയോഗിച്ച് ഈ ഭാഗം മറച്ചു കളഞ്ഞ് വീണ്ടും വീഡിയോ റിലീസ് ചെയ്യാന്‍ സിനിമയുടെ അധികൃതര്‍ നിര്‍ബന്ധിതരായി. സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍സറിങിനു ശേഷമുള്ള വീഡിയോ ഇവിടെ കാണാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ വീഡിയോ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. അതേസമയം, സാമൂഹ്യ മാധ്യമങ്ങളില്‍ സദാചാര കടന്നുകയറ്റത്തിന് വ്യത്യസ്ത തരം പ്രതികരണങ്ങളാണ്. ചിലര്‍ ഇത് ഒരു അനാവശ്യ നീക്കമാണെന്ന് വിലയിരുത്തുന്നു. സംവിധായകന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. സെന്‍സര്‍ ബോര്‍ഡിനെ അഭിനന്ദിച്ചു കൊണ്ട് വയറു മറച്ചതിനെ പുകഴ്ത്തുന്നതാണ് മറ്റു ചിലരുടെ അഭിപ്രായം. ആര്‍ഷ ഭാരത സംസ്‌കാരം സംരക്ഷിക്കപ്പെട്ടെന്നും സ്ത്രീകളുടെ വസ്ത്രധാരണം ഇത്തരത്തിലാവണമെന്നുമൊക്കെയാണ് ഇവരുടെ പ്രതികരണം. എഡിറ്റിങിനു മുമ്പുള്ള വീഡിയോ ഇവിടെ കാണാം:

മാലിക് മുഹമ്മദ് ജയാസി രചിച്ച റാണി പദ്മിനിയെ കുറിച്ചുള്ള പദ്മാവതി എന്ന കാവ്യത്തിന്റെ ചലച്ചിത്ര രൂപമായ ‘പദ്മാവതി’ തുടക്കം മുതലേ വന്‍ ചര്‍ച്ചയായിരുന്നു. സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രജ്പുത് കര്‍ണിസേന രംഗത്തെത്തിയതു കൂടാതെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലും പദ്മാവതി വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ ഇടയാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് പേരുമാറ്റിയെങ്കിലും നിയമ പോരാട്ടത്തിനൊടുവിലാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി സംഘടിപ്പിക്കാനായത്. എന്നാല്‍, ബിജെപി ഭരണത്തിലുള്ള നാല് സംസ്ഥാനങ്ങളില്‍ ഇപ്പോഴും സിനിമ നിരോധിച്ചിരിക്കുകയാണ്.

Top