പാക് വ്യോമപാത തുറന്നു; പാകിസ്ഥാനൊപ്പം എയര്‍ ഇന്ത്യയ്ക്കും ആശ്വാസമായി നടപടി

ന്യൂഡല്‍ഹി: വ്യോമപാതയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്ഥാന്‍ നീക്കി. വ്യോമപാത ഉപയോഗിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ബാലാക്കോട്ട് ആക്രമണത്തോടെയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്രാനുമതി നല്‍കിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാക്കിസ്ഥാന്റെ അറിയിപ്പ്.

വ്യോമപാത തുറക്കുന്ന നടപടി മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചത് മൂലം നഷ്ടടത്തിലായ എയര്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നത് കൂടിയാണ് പുതിയ സംഭവ വികാസങ്ങള്‍. പാകിസ്ഥാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ ഈ മേഖലയിലൂടെ പറന്നതായും വിവരമുണ്ട്.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഫെബ്രുവരി 26ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ തുറന്ന് കൊടുത്തിരുന്നു. ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ-പാക് അതിര്‍ത്തി വഴിയുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.എന്നാല്‍ ഇത് തിരിച്ചടിയായെന്നും തങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണുണ്ടായതെന്നുമുള്ള കാര്യം അടുത്തിടെ പാകിസ്ഥാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വ്യോമപാത തുറക്കാന്‍ പാക് അധികൃതര്‍ തയ്യാറായത്. പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതല്‍ ജൂണ്‍ അവസാനം വരെ നടത്തിയ വിപുലമായ പഠനത്തില്‍ ഒരു ദിവസം ഏകദേശം 400 വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങള്‍ക്ക് ഇന്ധനച്ചെലവ്, പ്രവര്‍ത്തന ചെലവ്, അറ്റകുറ്റപണികള്‍ക്ക് വരുന്ന ചെലവ് എന്നിവയില്‍ വലിയ വര്‍ദ്ധനവുണ്ടായെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷന്‍, ഓവര്‍ ഫ്ലൈയിംഗ്, പാകിസ്ഥാന്‍ എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ ഈടാക്കിയ തുകയിലും വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

പാക് വ്യോമാതിര്‍ത്തിയുടെ മുകളിലൂടെ പറക്കുന്നതിന് ഒരു വിമാനക്കമ്പനിയില്‍ നിന്നും ഏകദേശം 580 ഡോളര്‍ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. 400ഓളം വിമാനങ്ങള്‍ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളര്‍ ( ഏകദേശം1,59,80,000 ഇന്ത്യന്‍ രൂപ) നഷ്ടമാണ് സിവില്‍ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ടെര്‍മിനല്‍ നാവിഗേഷന്‍, വിമാനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ക്വാലാലംപൂര്‍, ബാങ്കോക്ക്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതും ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ സമയം പറക്കുന്നതിനാല്‍ പ്രവര്‍ത്തന, ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതും കാരണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യന്‍ രൂപ) ഡോളര്‍ നഷ്ടം നേരിട്ടതായാണ് റിപ്പോര്‍ട്ട്.

Top