മുള്‍ട്ടാന്‍: വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച യുവതി ഭര്‍ത്താവ് ഉള്‍പ്പെടെ ഭര്‍തൃവീട്ടിലെ 13 പേരെ വിഷം കൊടുത്തു കൊന്നു. പ്രണയബന്ധത്തെ എതിര്‍ത്താണ് ഇവരുടെ വിവാഹം നടത്തിയത്. വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ മറ്റ് 14 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മധ്യ പാക്കിസ്ഥാനിലെ മുസാഫര്‍ഗഡ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ആയിഷ ബീബി എന്ന യുവതിയെയും ഇവരുടെ കാമുകനെയും കൊലയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത ഇയാളുടെ ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആയിഷ ബീബി വിവാഹിതയായത്. അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ആയിഷ ബീബിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.
വിവാഹം കഴിച്ചെത്തിയതു മുതല്‍ ഇവര്‍ക്ക് ഭര്‍തൃവീട്ടുകാരുമായി മാനസിക അടുപ്പം ഉണ്ടായിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാനായിരുന്നു ആദ്യം മുതലേ ശ്രമം. ഇതിന്റെ ഭാഗമായി ഒരാഴ്ച മുന്‍പ് പാലില്‍ വിഷം കലക്കി ഭര്‍ത്താവിനു കൊടുത്തെങ്കിലും കുടിച്ചില്ല. പദ്ധതി പാളിയതില്‍ ക്രുദ്ധയായ യുവതി വിഷം കലര്‍ത്തിയ പാല്‍ തൈരില്‍ കലര്‍ത്തി ഭര്‍തൃവീട്ടുകാരുടെ ഒരു പരിപാടിയില്‍ വിളമ്പുകയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഇതുവരെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റു 14 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.