പ്രചരണത്തിനില്ലെന്ന് ജോസഫ് വിഭാഗം..!! പോലീസിലും പരാതി നൽകി; കേരള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരള കോൺഗ്രസിലെ തർക്കം മുറുകുന്നു. നേരത്തെ ചിഹ്നം നൽകുന്നതിന് വിമുഖത പ്രകടിപ്പിച്ച പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി യു.ഡി.എഫ് നടത്തുന്ന പ്രചാരണ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. യു.ഡി.എഫ് കൺവൻഷനിടെ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

യുഡിഎഫ് സ്ഥാനാർത്ഥിക്കായുള്ള കൺവെൻഷനിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസി‌ഡന്റ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. തീരുമാനം ഉണ്ടായില്ലെങ്കിൽ ജോസ് ടോമിന് വേണ്ടി ഒറ്റയ്‌ക്ക് പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നഷ്ടമായ വാർത്ത പുറത്തു വരുമ്പോഴായിരുന്നു പാലായിൽ യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കാൻ ജോസഫ് എത്തിയത്. ജോസ് വിഭാഗം കൂകി വിളിച്ചായിരുന്നു ജോസഫിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. രണ്ടില ചിഹ്നം സ്ഥാനാർത്ഥിക്കില്ലെന്ന് മനസിലായതോടെ വിമതനായി അവസാന നിമിഷം പത്രിക നൽകിയ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കുകയും ചെയ്തു. ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതിയുടെ വിധി അംഗീകരിച്ചതോടെയാണ് പത്രിക തള്ളാൻ റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചത്.

ജോസഫിനെ കൂക്കിവിളിച്ച നടപടി വിവാദമായതിന് പിന്നാലെ കേരള കോൺഗ്രസ് മുഖപ്രസംഗമായ പ്രതിച്ഛായയിൽ ജോസഫിനെതിരെ ലേഖനം വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിൽ ഒരുമിച്ച് പ്രചാരണം നടത്താനാവില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. എന്നാൽ ഇപ്പോഴും ചർച്ചകൾ നടക്കുകയാണെന്നും പ്രശ്‌നങ്ങൾ തീരുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

Top